കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ക്ലൈമാക്‌സിലേക്ക്. സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി പത്തു ദിവസം കൂടി നീട്ടി നൽകി. കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സാക്ഷി വിചാരണ കഴിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കും. ഈ വിസ്താരമാകും കേസിന്റെ അന്തിമ വിധിയെ പോലും സ്വാധീനിക്കുക.

നടൻ ദിലീപ പ്രതിയായ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാനു?ണ്ടെന്നാണ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത. അഞ്ച സാക്ഷികളെയാണ അധികമായി വിസ്തരിക്കാനുള്ളത. ഇതിൽ മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകളെ എത്തിക്കാനുള്ളതും കോവിഡും കാരണം കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി നടൻ ദിലീപടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫെബ്രുവരി 16ഓടെ കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയം തീരും. അതിന് മുമ്പ് തന്നെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കും. അടുത്ത മാസം തന്നെ കേസിൽ വിധി വരാനും സാധ്യത ഏറെയാണ്. പുതിയ സാക്ഷികൾ എത്തുന്നതോടെ വിധി അനുകൂലമാകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.

ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറു മാസത്തെ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ആവശ്യമെങ്കിൽ വിചാരണ കോടതി ജഡ്ജിക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എ.എം.ഖാൻ വിൽക്കർ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപേക്ഷയിൽ ഇപ്പോൾ തീർപ്പ് കല്പിക്കരുതെന്ന സർക്കാർ ആവശ്യവും നിരാകരിച്ചു. തീർപ്പാക്കാതെ മാറ്റിവച്ചാൽ അത് തെറ്റായ അർത്ഥമാണ് നൽകുകയെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സർക്കാർ ആവശ്യം പരിഗണിച്ച് സമയം നീട്ടി നൽകില്ല. വിചാരണ കോടതി ജഡ്ജി റിപ്പോർട്ട് നൽകിയാൽ അപ്പോൾ പരിഗണിക്കാം. വിചാരണ പൂർത്തിയാക്കാൻ ഫെബ്രുവരി 16വരെ സമയം ഉണ്ട്. വിചാരണ കോടതിയിൽ നിന്നും റിപ്പോർട്ട് തേടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഫെബ്രുവരി 16 വരെ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചതിനാൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ സാക്ഷികളെ വിസ്തരിക്കുന്നത് ഉൾപ്പെടെ പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കാൻ വിചാരണ കോടതിക്ക് കഴിയുന്നില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സർക്കാരിനുവേണ്ടി ഹാജരായത്.

വിചാരണ നീട്ടിക്കൊണ്ടു പോകാൻ സർക്കാർ വലിയ അടവുകളാണ് പയറ്റുന്നതെന്ന് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. പുതിയ തെളിവുകളും സാക്ഷികളും എത്തിക്കാൻ ശ്രമിക്കുമ്പോഴൊക്കെ സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധി ചൂണ്ടിക്കാട്ടി നിരാകരിക്കുകയാണ് വിചാരണ കോടതി. അതിനാൽ ആവശ്യമായ നിർദ്ദേശം നൽകണം. കഴിഞ്ഞ തവണ ഹൈക്കോടതിയെ സമീപിക്കാനാണ് വിചാരണ കോടതി പറഞ്ഞത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാക്ഷികളെ വിസ്തരിക്കാൻ അനുമതി കിട്ടിയത്.

സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചതിനാൽ വിചാരണ കോടതിക്ക് പരിമിതിയുണ്ട്. കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളാണ് നടന്നത്. അന്വേഷണം നടക്കുകയാണ്. അതിനാൽ അപേക്ഷ ഇപ്പോൾ തീർപ്പാക്കരുതെന്നായിരുന്നു സർക്കാർ വാദം. വിചാരണ വൈകിപ്പിക്കാനാണ് പുതിയ അന്വേഷണം എന്ന് ദിലീപും നിലപാട് എടുത്തു. പുതിയ വെളിപ്പെടുത്തലുകളൊന്നും വിശ്വാസയോഗ്യമല്ല. മാധ്യമ വിചാരണയാണ് നടക്കുന്നത്. 200 സാക്ഷികളെ വിസ്തരിച്ച ശേഷം വിചാരണയുടെ അവസാന ഘട്ടത്തിൽ ഒരാൾ പുതിയ ആരോപണവുമായി വന്നിരിക്കുകയാണ്. വിചാരണ കോടതി ജഡ്ജിയെ മാറ്റാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് പ്രോസിക്യൂട്ടർ രാജിവച്ചു. നാലുതവണ വിചാരണ സമയം നീട്ടി നൽകിയിരുന്നു. കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ആരോപിച്ചു.