കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഇടക്കാല ഉത്തരവ് ഉടൻ. എല്ലാ ഫോണുകളും ഉടൻ ഹാജരാക്കണമെന്ന് നടൻ ദിലീപിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നാല് ഫോണുകൾ ഹാജരാക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം മൂന്ന് ഫോണുകളേ ഉള്ളൂവെന്ന് ദിലീപിന്റെ അഭിഭാഷകനും പറഞ്ഞു. നാലാമത്തെ ഫോൺ ഏതാണെന്ന് തങ്ങൾ കണ്ടെത്തിക്കൊള്ളാം എന്ന് കോടതിയിൽ പ്രോസിക്യൂഷനും വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്റെയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിർദ്ദേശം. ഉടൻ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് അറിയുന്നത്. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അർഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവർ 2017ൽ എംജി റോഡിൽ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രം. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ എല്ലാ ഫോണുകളും കൈമാറാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്. കൈവശമില്ലാത്ത ഫോണുകൾ എങ്ങനെ ഹജരാക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകർ ചോദിച്ചു. കേരളത്തിലെ ഫൊറൻസിക് ലാബിൽ ഫോണുകൾ പരിശോധിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് അറിയിച്ചു.