- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിച്ച് മുന്നോട്ടു പോകരുത്; ഗൂഢാലോചന കേസിലെ എഫ്ഐആർ നിലനിൽക്കില്ല; സി ഐ സുദർശന്റെ കൈവെട്ടും എന്നും പറഞ്ഞിട്ടില്ല, ബൈജു പൗലോസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല; പറഞ്ഞത് ശാപവാക്കുകൾ മാത്രം; ദിലീപിന്റെ മുൻകൂൻ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദങ്ങൾ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയിൽ വാദിച്ചു.ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ നൽകിയ മൊഴിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് ഇതു നിലനിൽക്കില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റർ ചെയ്യാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ എഫ്ഐആറിൽ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.
മൊഴിയിലും എഫ്ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ദിലീപ് രണ്ടു പേരുടെ പേരു പറഞ്ഞ് അവർ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതിൽ മൂന്നു പേരുകൾ ചേർക്കുകയാണ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട 161 മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഡിജിപി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ പറയാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
കേസിലെ ഒരു പ്രതി ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വിഐപി ആരെന്ന് വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. മാപ്പ്സാക്ഷിയാകാൻ തയാറുള്ള ആരെയെങ്കിലും ഉൾപ്പെടുത്താനാണ് ആ പേര് ഒഴിച്ചിട്ടിട്ടുള്ളതെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ബാലചന്ദ്രകുമാർ ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോർഡ് ചെയ്തെന്നു പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. റെക്കോർഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്ടോപ്പിലേക്കു മാറ്റിയെന്നു പറയുന്നു. സംഭാഷണം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് എവിടെ? പ്രതിയുടെ ഫോൺ കണ്ടില്ലെങ്കിൽ പ്രശ്നമാണ്.
പക്ഷെ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിണ്ടെന്ന ആരോപണവും ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചു. ബാലചന്ദ്രകുമാർ പെൻഡ്രൈവാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ എന്തെല്ലാം ചെയ്യാമെന്ന് അഭിഭാഷകൻ. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലുമെന്നു പേടിച്ചെന്നാണ് പറയുന്നത്. എന്നിട്ടും ആറു പേർ ഇരിക്കുന്നിടത്ത് മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു. റെക്കോർഡിലെ വാക്യങ്ങൾ ഒന്നും പൂർണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോൾ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകൾ എഴുതിച്ചേർത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ബൈജു പൗലോസിനെ താൻ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷെ എഫ്ഐആറിൽ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. കേസന്വേഷിച്ച സുദർശൻ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദർശന്റെ കൈ വെട്ടുമെന്നു താൻ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.
ദിലീപിന്റെ സഹോദരൻ പി. അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗവും വാദിക്കുന്നു


