- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കേസ് തോൽക്കുമെന്ന് അവർക്കറിയാം, അപ്പോൾ പുതിയ കേസെടുത്തു; വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും? ബാലചന്ദ്രകുമാർ സംഭാഷണം റെക്കോർഡ് ചെയ്ത ടാബ് എവിടെ? മണിയുടെ അനിയനെ കൊല്ലാൻ ശ്രമിച്ചെന്ന്, ആരോ മരിച്ചത് ഞാൻ കൊന്നതാണെന്ന്'; ഹൈക്കോടതിയിൽ ദിലീപിന്റെ വാദങ്ങൾ ഇങ്ങനെ; ജാമ്യാപേക്ഷ നാളേക്ക് വീണ്ടും മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെത്തേക്ക് മാറ്റി. നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷൻ വാദങ്ങൾ നാളെ നടക്കും. വാദങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ന് രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമൻ പിള്ള നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയായായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് 'നിങ്ങൾ അനുഭവിക്കും' എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പൊലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തെന്ന് ദിലീപ് ആവർത്തിച്ചു. ഏതു വിധേനയും തന്നെ ജയിലിൽ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. ഹർജിയിൽ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെ്ഞ്ച് നാളെയും വാദം കേൾക്കും.
വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള ചോദിച്ചു. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭർത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമൻപിള്ള ചോദിച്ചു.
ദിലീപിന്റെ വാക്കുകൾ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവർ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്‌ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്തു സംഭവിച്ചാലും അതു തന്റെ തലയിൽ വരുമെന്നു മാത്രമാണ് ദീലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.
കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ പൊലീസിനു മുന്നിൽ ഹാജരാക്കിയിട്ടില്ല. ഇതിൽ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്. ഒടുവിൽ പൊലീസിനു കൈമാറിയ പെൻ ഡ്രൈവിൽ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണ്. സംഭാഷണങ്ങളിൽ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ നൽകിയ മൊഴിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് ഇതു നിലനിൽക്കില്ലെന്ന് ബി രാമൻ പിള്ള വാദിച്ചു. പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റർ ചെയ്യാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ എഫ്ഐആറിൽ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.
മൊഴിയിലും എഫ്ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ദിലീപ് രണ്ടു പേരുടെ പേരു പറഞ്ഞ് അവർ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതിൽ മൂന്നു പേരുകൾ ചേർക്കുകയാണ് ചെയ്തത്. കുറച്ചു പേർ ചേർന്നു കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിത്. നടിയെ ആക്രമിച്ച കേസിൽ അവരുടെ തെളിവുകളെല്ലാം തകർന്നുപോയിരിക്കുന്നു. അപ്പോൾ മറ്റൊരു കേസിൽ ദിലീപിനെ കുടുക്കാനുള്ള ശ്രമമാണെന്ന് അഭിഭാഷകൻ പറഞ്ഞു. സാധാരണ ഗതിയിൽ ഗൂഢാലോചന കേസ് ലോക്കൽ പൊലീസ് ആണ് അനേഷിക്കുക. ആലുവ പൊലീസ് അന്വേഷിക്കേണ്ട ഈ കേസ് എങ്ങനെ ക്രൈംബ്രാഞ്ചിന്റെ പക്കൽ എത്തിയെന്ന ദിലീപ് ചോദിച്ചു.
വാദങ്ങൾക്കിടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസിൽ പ്രതികൾക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങൾ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങൾ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കൽ മണിയുടെ അനിയനെ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോൾ ആരോ മരിച്ചത് താൻ കൊന്നതാണെന്നാണ് മാധ്യമങ്ങൾ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാർത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
രണ്ടു മണിക്കൂറിലേറെയാണ് പ്രതിഭാഗത്തിന്റെ വാദം നീണ്ട്. തുടർന്നും ഇന്നു തന്നെ വാദം കേൾക്കുന്നോ അതോ നാളേക്കു മാറ്റണോയെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി ആരാഞ്ഞു. ഇക്കാര്യത്തിൽ പ്രോസിക്യൂഷനു തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ കേസ് അനാവശ്യമായി നീണ്ടുപോവുകയാണെന്ന വിമർശനം ഉയരുന്നുണ്ടെന്നും കോടതി പറഞ്ഞു.


