കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ. കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മൊബൈൽ ഫോണിൽനിന്നു വിവരങ്ങൾ മായ്ചുകളഞ്ഞയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി പറഞ്ഞു. അങ്ങനെ ഒരാൾക്ക് കോടതിയിൽ നിന്ന് എങ്ങെനെയാണ് കനിവു തേടാനാവുകയെന്ന്, കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് ഏഴ് മൊബൈൽ ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതിൽ ആറു ഫോണുകളാണ് കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയത്. ഹാജരാക്കിയവയിൽനിന്നു തന്നെ വൻതോതിൽ വിവരങ്ങൾ മായ്ചുകളഞ്ഞിരുന്നു. ഒരു ഫോണിൽനിന്ന് 32 കോൺടാക്റ്റുകൾ മായ്ചുകളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവു നശിപ്പിക്കലാണ് നടന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

മായ്ചുകളഞ്ഞ വിവരങ്ങൾ തെളിവുകൾ ആവണമെന്നു നിർബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, കോടതി ഉത്തരവിനു ശേഷവും ഫോണിലെ വിവരങ്ങൾ നശിപ്പിക്കാമോയെന്ന് പ്രോസിക്യൂഷൻ ആരാഞ്ഞു. അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

സാധാരണ ഗൂഢാലോചന കേസിൽ നിന്നു വ്യത്യസ്തമായി ഈ കേസിൽ കൃത്യമായ ദൃക്സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷൻചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തി. അതു നടപ്പാക്കിയില്ലെന്നതു ശരിയാണ്്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ 2013ൽ നടത്തിയ ഗൂഢാലോചന 2017ലാണ് നടപ്പാക്കിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ആ പാറ്റേൺ തന്നെയാണ് ഇവിടെയും പിന്തുടർന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

വിവരങ്ങൾ അറിയാമായിരുന്നിട്ടും ബാലചന്ദ്രകുമാർ ഇതുവരെ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെ അംഗത്തെപ്പോലെയായിരുന്നെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അങ്ങനെയെങ്കിൽ വെളിപ്പെടുത്തലിൽ ദുരുദ്ദേശ്യം ഉണ്ടോയെന്നു സംശയിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. അതെല്ലാം അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഒരു കുറ്റകൃത്യം നടന്നു. അതിൽ അന്വേഷണം നടക്കുകയാണ് പ്രധാനമെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.