കൊച്ചി: ക്രൈംബ്രാഞ്ചിൽ നിന്ന് എഡിജിപി എസ് ശ്രീജിത്ത് പുറത്താകുമ്പോൾ സന്തോഷിക്കുന്നത് ദിലീപ് ക്യാമ്പാണ്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാണ് ഈ മാറ്റം. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സിയെ പോലും അമ്പരപ്പിച്ച പൊലീസ് തലപ്പത്തെ മാറ്റം. കേസിൽ ശ്രീജിത്ത് അന്വേഷണത്തിന് പുറത്താകുമ്പോൾ വ്യാജ പ്രചരണുമായി പക പോക്കുകയാണ് മറുഭാഗം. തീർത്തും അസത്യങ്ങൾ സോഷ്യ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ശ്രീജിത്തിനെതിരെ.

ഐസ്‌ക്രീം കേസിൽ ആരോപണ വിധേയനായ കെ എ റൗഫുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ.ഡി ജി പി കെ എസ് ബാലസുബ്രമണ്യം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ സസ്പെൻഷനിൽ ആയെന്നുമാണ് പ്രചരിക്കുന്നത്. കളങ്കിതനായ ഉദ്യോഗസ്ഥനാണ് ദിലീപ് കേസിൽ നിർണ്ണായക ഇടപെടൽ നടത്തിയതെന്നും അതിന് പിന്നിൽ താൽപ്പര്യങ്ങളുണ്ടെന്നും വ്യാജമായി പ്രചരിപ്പിക്കാനായിരുന്നു ശ്രമം. മുമ്പ് ശ്രീജിത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷന് മുമ്പിൽ പോലും പരാതികളെത്തി. ഇതെല്ലാം അവർ പോലും തള്ളി കളഞ്ഞതാണ്. ഇതിലൊന്നാണ് ഇപ്പോൾ ശ്രീജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ താരമാകുന്നതെന്നതാണ് വസ്തുത.

പത്ത് വര്ഷം മുൻപ് വന്ന പത്ര വാർത്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ് കോടതിയിൽ ആരോപിച്ച വാദങ്ങൾക്ക് ബദലായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അന്ന് നടന്നത് എന്തെന്ന് വിശദീകരിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആദ്യന്തര മന്ത്രി ആയിരിക്കുന്ന സമയത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിനെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശ്രീജിത്ത് അറസ്റ്റ് ചെയ്യുകയും 42 ദിവസത്തോളം റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു .തുടർന്ന് സർക്കാർ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം റൗഫുമായി ശ്രീജിത്ത് ആശയവിനിമയം നടത്തിയിരുന്നുവെന്നതാണ് വസ്തുത. ഇതിൽ ചില ആരോപണങ്ങൾ ഉയർന്നു. എന്നാൽ അന്വേഷണത്തിൽ അസ്വാഭാവികമായ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ലെന്നാണ് സർക്കാർ തന്നെ വിശദീകരിക്കുന്നത്,

സത്യം ഇതായിരിക്കെയാണ് ശ്രീജിത്തിനെതിരെ വ്യാജ പ്രചരണം നടക്കുന്നത്. റൗഫുമായി ഉള്ള ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടനവധി കേസുകളിൽ നിർണയമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രീജിത്തിന് സാധിച്ചിരുന്നു. എന്നാൽ ഉന്നത കേന്ദ്രങ്ങളുടെ നിർദ്ദേശാനുസാരണം അന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രീജിത്തും റൗഫുമായുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ അന്ന് താക്കീത് നൽകി സസ്പെൻഡ് ചെയ്യുകയുമായിരുന്നുവെന്നതാണ് വസ്തുത. തുടർന്നുള്ള അന്വഷണത്തിൽ ആരോപണത്തിന് തെളിവൊന്നും ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെ സസ്പെൻഷൻ പിൻവലിച്ചു.

തുടർന്ന് സംസ്ഥാന സർക്കാർ ചട്ടപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു ഈ റിപ്പോർട്ടിന്റെ മറുപടിയായി കേന്ദ്രം നൽകിയ കത്തിൽ ശ്രീജിത്തിന് താക്കീതുകൊടുക്കേണ്ടതായിട്ടുള്ള കുറ്റം ചെയ്തിട്ടില്ല എന്നും അതല്ല എങ്കിൽ സർക്കാർ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ താക്കീത് നൽകിയതല്ലേ എന്ന ചോദ്യവും ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെതിരായ താക്കീത് സർക്കാർ പിൻവലിക്കയും എല്ലാ ആനുകൂല്യങ്ങളും നൽകി സർവീസിൽ തിരികെ എടുക്കയും ആണ് ചെയ്തതെന്നും രേഖകളിൽ വ്യക്തമാണ്. ഈ വിഷയമാണ് വളച്ചൊടിച്ച് ശ്രീജിത്തിനെതിരെ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ പല വ്യാജ വാർത്തകളും മുമ്പും ശ്രീജിത്തിനെതിരെ ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് ഐജി ആയിരിക്കെ എസ് ശ്രീജിത്തിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്ന് വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ശ്രീജിത്തിനെതിരായ പരാതിയിൽ നടപടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് താൽപ്പര്യമില്ലെന്ന വ്യക്തമാക്കിയാണ് ഫയൽ ആഭ്യന്തര വകുപ്പിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ കൈമാറിയത്. ഈ പരാതിയിൽ ഒരു റിപ്പോർട്ടും പ്രതീക്ഷിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിലുണ്ട്. ഇത്തരമൊരു വിഷയത്തിലാണ് ശ്രീജിത്തിനെ അപമാനിക്കാൻ മാഫിയാ സംഘങ്ങൾ ശ്രമിച്ച് അന്ന് വ്യാജ വാർത്തകൾ നൽകിയത്. അതിന്റെ പുതിയ വെർഷനാണ് ഇപ്പോഴത്തേത്.

2014 ഒക്ടോബറിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി കിട്ടിയത്. 2015 മാർച്ച് 18ന് കമ്മീഷൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. കമ്മീഷന് ഇക്കാര്യത്തിൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹോം ഡിപ്പാർട്ടമെന്റിന് പരാതി കൈമാറിയത്. അതും ഫോർ നെസസറി ആക്ഷനെന്ന സ്ഥിരം കുറിപ്പോടെ മാത്രം. ശ്രീജിത്തിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്ര വിജിലൻസ് കമ്മീഷൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തം. ഇതെല്ലാം മനസ്സിലാക്കി പരാതിക്കാരും 2015 മാർച്ച് മാസത്തിന് ശേഷം ഈ പരാതിക്ക് പുറകേ പോയിട്ടില്ല.

സത്യമിതായിരിക്കെയാണ് ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റം കിട്ടിയ ഉടനെ കേന്ദ്ര വിജിലൻസ് കമ്മീഷൻ തള്ളിക്കളഞ്ഞ പരാതിയുമായി മാഫിയ സജീവമായത്. കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നാണ് ഒരു മലയാളി വെബ്സൈറ്റിൽ അന്ന് വന്ന വാർത്ത. ചില ചാനലുകളും ഇത് വാർത്തയായി നൽകി. ഇതിന് സത്യസന്ധമായ വിശദീകരണം ശ്രീജിത്ത് നൽകിയതോടെ വാർത്ത അപ്രത്യക്ഷവുമായി. ഇതേ തുടർന്നാണ് കേസിന്റെ സത്യസന്ധത മനസ്സിലാക്കാൻ മറുനാടൻ ശ്രമിച്ചത്.

ഇതിലാണ് ഐജിയെ മോശക്കാനാക്കാൻ വേണ്ടി മാത്രം നടത്തുന്ന ശ്രമമാണിതെന്ന് വ്യക്തമായത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങളിൽ നിന്ന് പരാതിയുടെ കാലപ്പഴക്കവും വ്യക്തമായി.. കമ്മീഷൻ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് തീരുമാനിച്ചിട്ട് മാസങ്ങളുമായി. ഇവയെല്ലാം മറച്ചുവച്ചാണ് ശ്രീജിത്തിനെ ക്രൂശിക്കാൻ അന്ന് ചിലർ ശ്രമം തുടരുന്നത്. അന്ന് അഞ്ച് വിഷയങ്ങളിലാണ് ശ്രീജിത്തിനെതിരെ പരാതി കൊടുത്തത്. ഇതിൽ നാല് കേസിലും ശ്രീജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി സത്യാവസ്ഥ പുറത്തുവന്നതാണ്. ശ്രീജിത്ത് കുറ്റവിമുക്തനായതോടെ തടഞ്ഞുവച്ച ആനുകൂല്യവും പ്രെമോഷനുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. മികവിനുള്ള അംഗീകാരമായി ക്രൈംബ്രാഞ്ചിൽ ഐജിയായി നിയമനവും അന്ന് നൽകി.

പണ്ട് മൂന്നംഗ സംഘം ശ്രീജിത്തിനെതിരെ നിരന്തരമായി സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്തിരുന്നു. കോടതി വിധികളും മറ്റും മറച്ചു വച്ചാണ് ഇവർ പല അന്വേഷണ ഉത്തരവുകൾ നേടിയത്. അന്വേഷണം നടത്തി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ പോലും പഴയ ഉത്തരവുകൾ വച്ചാണ് പ്രചാരണം നടത്തുക. കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്. കേസുകളിൽ നിന്ന് കുറ്റവിമുക്തനായതോടെ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു.

ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം അന്നത്തെ ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു.

ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ സർക്കാർ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്പെക്ടർ ആയിരുന്ന ബിനോയി ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് പിന്നീട് നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.

ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.

അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്നപ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു.

ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ ചുമതല സർക്കാർ ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.

എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ അന്നും വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതി്ത്തള്ളപ്പെട്ടു.

എംഎസ്‌പി ക്യാമ്പിലെ വിഷയത്തിൽ ശ്രീജിത്തിന് മുമ്പ് കമാണ്ടന്റായ വ്യക്തികൾക്ക് എതിരെയായിരുന്നു കേസ്. ഇക്കാര്യത്തിൽ ശ്രീജിത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചാണ് ഇപ്പോഴും വ്യാജ പ്രചരണങ്ങൾ സജീവമാകുന്നത്.