- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളുടെ നിസ്സഹകരണം കാരണം കൃത്യമായ വിവരം കിട്ടുന്നില്ല; ഡിജിറ്റൽ തെളിവിലും പരിശോധന നടക്കുന്നതേയുള്ളൂ; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടോ എന്നതിൽ ക്രൈംബ്രാഞ്ചിന് ഉറപ്പില്ല; നടിയുടെ ആവശ്യങ്ങൾ അംഗീകരിക്കുമ്പോൾ ആരോപണങ്ങൾ തള്ളുന്നു; ഇനി എല്ലാം ഹൈക്കോടതി തീരുമാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നതിൽ ക്രൈംബ്രാഞ്ചിനും സ്ഥിരീകരണമില്ല. പ്രതികളുടെ പക്കൽ ദൃശ്യങ്ങൾ കിട്ടിയതിനെ കുറിച്ച് അറിയാൻ ദിലീപ്, ശരത്, അനൂപ്, സുരാജ് തുടങ്ങിയവരെ ചോദ്യം ചെയ്‌തെങ്കിലും അവരുടെ നിസ്സഹകരണം മൂലം വിവരം കിട്ടുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന തുടരുകയാണ്. ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതും ചോരാനുള്ള സാധ്യതയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ക്ലോൺ പകർപ്പ് എടുക്കാനായി രണ്ടാംതവണ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണു ഹാഷ് വാല്യുവിൽ മാറ്റം ശ്രദ്ധയിൽപെട്ടത്. ലാബ് ഡയറക്ടർ ഇതിന്റെ റിപ്പോർട്ട് 2020 ജനുവരി 29ന് വിചാരണ കോടതിയിലേക്ക് അയച്ചെങ്കിലും 2022 ഫെബ്രുവരി വരെ കോടതി അതു പ്രോസിക്യൂഷന്റെ ശ്രദ്ധയിൽപെടുത്തുകയോ കേസ് രേഖകളുടെ ഭാഗമാക്കുകയോ ചെയ്തില്ല. തുടരന്വേഷണത്തിൽ ഫൊറൻസിക് ലാബ് ജോയിന്റ് ഡയറക്ടറുടെ മൊഴിയെടുത്തപ്പോഴാണു വിവരം അറിഞ്ഞത്.
മെമ്മറി കാർഡ് എത്ര തവണ പരിശോധിച്ചിട്ടുണ്ടെന്ന് അറിയാൻ കൂടുതൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന അപേക്ഷ വിചാരണ കോടതി തള്ളി. ഈ ഉത്തരവ് പ്രോസിക്യൂഷനെ നേരിട്ട് അറിയിക്കുന്നതിനു പകരം പോസ്റ്റിൽ അയച്ചത് ഇക്കഴിഞ്ഞ മെയ് 26നാണു പൊലീസിനു കിട്ടിയത്. പ്രോസിക്യൂഷന്റെ മേൽ ദുരുദ്ദേശ്യം ആരോപിച്ച് ഈ അപേക്ഷ തള്ളിയതു വിചിത്രമാണ്. ഇതിനെതിരെ ഹർജി നൽകും.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വിചാരണക്കോടതി അനുവദിച്ചില്ലെന്നു നടി ആരോപിക്കുന്നതു ശരിയല്ല. അതിനു സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്നാൽ മെമ്മറി കാർഡ് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ചെയ്യേണ്ട കാര്യമാണത്. കേസിന്റെ തുടക്കം മുതൽ നിയമപ്രകാരം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്; സമയം തീരാറായിട്ടും ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
കേസിൽ തുടരന്വേഷണത്തിനു ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുള്ള അതിജീവിതയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിച്ചുവെന്നു നടി ആരോപിക്കുന്നതു തെറ്റാണ്; ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു. ഒരേ സമയം നടിയുടെ ആവശ്യത്തെ അംഗീകരിക്കുന്ന ക്രൈംബ്രാഞ്ച് അതിനായി അവർ ഉന്നയിക്കുന്ന ആരോപണം നിഷേധിക്കുകയാണ്. ആ ദൃശ്യങ്ങൾ പ്രതിയുടെ കൈയിലുണ്ടെന്ന വാദത്തിനും ക്രൈംബ്രാഞ്ച് സ്ഥിരീകരണമില്ല.
ദൃശ്യങ്ങൾ ഉൾപ്പെട്ട ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. തുടരന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു വിവരണത്തോടു കൂടിയ ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ഒറിജിനൽ ഫോണോ മെമ്മറി കാർഡിൽ നിന്നുള്ള ദൃശ്യങ്ങളുടെ പകർപ്പോ ദിലീപിന്റെ പക്കൽ ഉണ്ടാകാം. അത് അന്വേഷിക്കണമെന്നും അറിയിച്ചു. തുടരന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നടി നൽകിയ ഹർജിയിലാണു സർക്കാരിന്റെ മറുപടി. ഹർജിക്കാരി ആവശ്യപ്പെട്ട പ്രകാരം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് 10ലേക്കു മാറ്റി. തുടരന്വേഷണത്തിന് കൂടുതൽ സമയം തേടുന്ന ഹർജി ജസ്റ്റിസ് ഡോ. കൗസർ ഇടപ്പഗത്താണ് പരിഗണിക്കുന്നത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് രണ്ടു തവണ തുറന്നതായി സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എൽ ഡയറക്ടറുടെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിക്കു നൽകി. 2018 ജനുവരി 9 നും ഡിസംബർ 13നുമാണു തുറന്നത്. മെമ്മറി കാർഡ് അനധികൃതമായി തുറന്നതായി സൂചന നൽകുന്ന തരത്തിൽ ഹാഷ് വാല്യു മാറ്റം ശ്രദ്ധയിൽപെട്ടെങ്കിലും വിഡിയോ രേഖകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണു റിപ്പോർട്ട്.
തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയിൽ 5 മാസമായി വിചാരണ നിലച്ചിരിക്കുകയാണെന്നും മറ്റു പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘം മറക്കുന്നുവെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചു. നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലെ മറുപടിയിലാണിത്. തനിക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിഭാഷകർക്കും കുടുംബ ഡോക്ടർക്കുമെതിരെ മാധ്യമ വിചാരണയ്ക്ക് വേദി ഒരുക്കി വിവരങ്ങൾ ചോർത്തി നൽകുകയാണ് അന്വേഷണം സംഘമെന്ന് ദിലീപ് പറയുന്നു.
ഇരകളെ അംഗീകരിക്കാത്ത സമൂഹമാണിതെന്നും ദൃശ്യങ്ങൾ ചോർത്തിയെന്നും പലരുടെയും ഫോണുകളിൽ ഇതുള്ളതായി വാർത്തകളുണ്ടെന്നും നടി അറിയിച്ചു. താൻ വിഷാദത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച തെളിവുകളിൽ ആരു തിരിമറി കാട്ടിയാലും അത് നിർണായകമാണ്. അതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്താതെ കേസിൽ കുറ്റപത്രം നൽകരുതെന്ന് നടി ആവശ്യപ്പെട്ടു. എന്നാൽ വിചാരണ നീട്ടിക്കെണ്ടുപോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നും ദിലീപ് വാദിച്ചു.
തെളിവുകൾ ഏറെ പരിശോധിക്കാനുണ്ടെന്നും സമയം നീട്ടിനൽകണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് ഡോ. കൗസർ ഇടപ്പഗത്ത് ഹർജി വിധി പറയാൻ മാറ്റി. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം ജുഡീഷ്യൽ ഓഫിസറെയും കോടതി ജീവനക്കാരെയും അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നുമായിരുന്നു ദിലീപിന്റെ വാദം.
മറുനാടന് മലയാളി ബ്യൂറോ