കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നടൻ സിദ്ദിഖ് ആണെന്ന് പൾസർ സുനി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. ഇക്കാര്യം ഇന്ന് പൾസർ സുനി കോടതിയെ അറിയിക്കുമെന്ന സൂചനയും പുറത്തുവന്നു. മാഡത്തെ കുറിച്ചും വെളിപ്പെടുത്തുമെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ പൊലീസ് സമർത്ഥമായി കളിച്ചതോടെ സുനിക്ക് അങ്കമാലി കോടതിയിൽ എത്താനായില്ല. സുനിയെ മറ്റൊരു കേസിൽ എറണാകുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു പൊലീസ്. അങ്കമാലി കോടതിയിൽ ഇതു കാണിച്ച് റിപ്പോർട്ടും നൽകി. ഇതോടെ സുനി എറണാകുളത്തെ കോടതിയിൽ എത്തി ജയിലിലേക്ക് മടങ്ങി.

പൊലീസ് നിരീക്ഷണത്തിലുള്ളവർ തന്നെയാകും പുറത്തുവരാൻ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയിൽ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പൾസർ സുനി പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോർട്ടുകൾ നൽകിയിട്ടില്ല. ദിലീപും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സുനി വെളിപ്പെടുത്തിലന് ഒരുങ്ങുന്നത്. ഇന്ന് അങ്കമാലി കോടതിയെ അറിയിച്ച ശേഷം എല്ലാം മാധ്യമങ്ങളോട് പറയാമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് പൊലീസ് സമർത്ഥമായി അട്ടിമറിച്ചു. ഇതോടെ കേസിലെ വമ്പൻ സ്രാവിന്റെ പേര് ഊഹാപോഹമായി തുടരും.

മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിയുടെ റിമാൻഡ് റിമാൻഡ് കാലാവധി എറണാകുളം സിജെഎം കോടതി ഈ മാസം 30 വരെ നീട്ടിയിരുന്നു. അതോടെയാണ് അങ്കമാലി കോടതിയിൽ ഹാജരാക്കാനുള്ള തീരുമാനം പൊലീസ് റദ്ദാക്കിയത്. എന്നാൽ സുനിയെ ഹാജരാക്കാതിരുന്നത് ഗൂഢാലോചയെ തുടർന്നാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആളൂർ പറഞ്ഞു. ചില നടിമാർക്ക് പങ്കുള്ള കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ട. ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ, അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല. സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആളൂർ പിന്നീട് അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. അങ്കമാലി കോടതിയിൽ രഹസ്യമൊഴി നൽകാനാണ് സുനി ഒരുങ്ങുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയ മാഡം ആരാണെന്ന് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി അറിയിച്ചിരുന്നു. എന്നാൽ, റിമാൻഡ് നീട്ടിയതോടെ അ്ങ്കമാലി കോടതിയിൽ ഹാജരാക്കാനുള്ള നീക്കം റദ്ദാക്കി. ഇന്ന് അങ്കമാലിയിൽ പൾസർ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് റിമാൻഡ് നീട്ടിയത്. അതുകൊണ്ട് തന്നെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഇനി 30-ാം തീയതി വരെ നീളും. സുനിയുടെ വെളിപ്പെടുത്തലുകളിൽ ഭയന്നാണ് അങ്കമാലി കോടതിയിൽ ഹാജരാക്കാതിരുന്നതെന്ന് സുനിയുടെ വക്കീലായ ആളൂർ പറഞ്ഞു. ഇതിന്റെ പിന്നിൽ സർക്കാരിന്റെയും അന്വേഷണ സംഘത്തിന്റെയും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് വമ്പൻ സ്രവുകൾ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലിൽ കിടക്കുന്ന വി ഐ പിക്ക് കാര്യങ്ങൾ എല്ലാം അറിയാമെന്നും സുനി പറഞ്ഞിരുന്നു. സിദ്ദിഖ് ആണോ സുനി പറഞ്ഞ വമ്പൻ സ്രാവെന്ന് നേരത്തേ സംശയങ്ങൾ നിൽനിന്നിരുന്നു. നേരത്തേ ദിലീപിനേയും നാദിർഷയേയും ആലുവ പൊലീസ് ക്ലബിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ രാത്രി ഇവരെ തേടിയെത്തിയത് സിദ്ദിഖ് ആയിരുന്നു. ഇതിനൊപ്പം മാഡത്തേയും ചർച്ചയാക്കി. ഇത് സിനിമാ നടിയാണെന്നും പൾസർ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് തൊട്ടു മുമ്പാണ് പുതിയ വെളിപ്പെടുത്തലിന് പൾസർ തയ്യാറാകുന്നത്. ഇത് ദിലീപിന്റെ ജാമ്യ സാധ്യതേയും ബാധിക്കും.

ഗൂഢാലോചനയിൽ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താൻ പൊലീസിനെ അറിയിച്ചെന്ന് മുഖ്യപ്രതി സുനിൽകുമാർ തന്നോട് വ്യക്തമാക്കിയതായി ജയിലിൽ സന്ദർശിച്ച അഭിഭാഷകരിൽ ഒരാൾ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന സൂചനയാണ് പുറത്തുവരുന്നത്. ദിലീപിനെ ചോദ്യം ചെയ്യാൻ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോൾ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു.

സഹപ്രവർത്തകൻ എന്ന നിലയിലാണ് താൻ ദിലീപിനെ കാണാൻ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. മാറിയ സാഹചര്യത്തിൽ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങൾ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനുശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരിൽ ഒരാളാണ് സിദ്ദിഖ്.

സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അന്വേഷണ സംഘം ജയിലിലെത്തി മുഖ്യപ്രതി സുനിൽകുമാറിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുനിൽകുമാർ മൊഴിയിൽ ഉറച്ചുനിന്നതോടെ കേസിൽ തെളിവുകളും സാക്ഷിമൊഴികളും ശക്തമാക്കി കൂടുതൽ അറസ്റ്റുകൾക്ക് അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ അറസ്റ്റുണ്ടായില്ല. ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. 'അമ്മ'യുടെ യോഗത്തിനെത്തിയ നടിമാരെ ചിലർ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാർത്തായിരുന്നു.

ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു.

ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ സിദ്ദിഖിനെ സംശയ നിഴിലിൽ നിർത്തിയത്.