കൊച്ചി: നടി ആക്രമിക്കച്ച കേസിൽ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാൻ സാധ്യത. ദിലീപിന് ജാമ്യം നൽകാതെ ജയിലിലടച്ച് അതിവേഗ വിചാരണയ്ക്കാണ് പ്രോസിക്യൂഷൻ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാകും പ്രത്യേക കോടതി.

സാധാരണ കോടതിയിൽ ദിലീപിനെ ഹാജരാക്കാൻ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് നേരത്തെ നിലപാട് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് ദിലീപിനെ റിമാൻഡ് കഴിയുമ്പോൾ അങ്കമാലി കോടതിയിൽ ഹാജരാക്കുന്നത്. വിചാരണക്കാലത്ത് ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക കോടതി രൂപീകരിച്ച് സുരക്ഷ കർശനമാക്കാനാണ് പൊലീസ് നീക്കം. ഹൈക്കോടതി അനുമതിയോടെ പ്രത്യേക കോടതി യാഥാർത്ഥ്യമാക്കും.

പ്രധാന തെളിവായ മൊബൈൽ ഫോൺ കിട്ടാത്ത സാഹചര്യത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചാലും പൊലീസ് അന്വേഷണം തുടരാനാണു സാധ്യത. തുടരന്വേഷണത്തിനായി സെക്ഷൻ 127 (8) പ്രകാരം പൊലീസ് കോടതിയുടെ മൂൻകൂർ അനുമതി വാങ്ങണം. ഇത് വാങ്ങി അന്വേഷണം തുടരാനും വമ്പൻ സ്രാവിലേക്ക് അന്വേഷണം നീട്ടാനുമാണ് പൊലീസിന്റെ തീരുമാനം. എന്നാൽ പ്രത്യേക കോടതി വരുന്നതോടെ കേസിൽ ഉടൻ വിചാരണ തുടങ്ങേണ്ട സാഹചര്യവും വരും. ഇതോടെ കൂടുതൽ അന്വേഷണത്തിന് സർക്കാർ മുതിരില്ലെന്ന പ്രതീക്ഷയും ചില സിനിമാക്കാർക്കുണ്ട്. ഇതിലൂടെ അന്വേഷണം ദിലീപിൽ മാത്രമൊതുങ്ങും. അങ്ങനെ വമ്പൻ സ്രാവിനെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയാണിതെന്ന വാദവും സജീവമാണ്.

പൾസർ സുനിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയിരുന്നു. ഇതോടെ പൾസർ വിചാരണ തടവുകാരനായി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. ദിലീപിനെതിരെ നിശ്ചിത ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയാലും അന്വേഷണം തുടരുമെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കുറ്റപത്രം വീണ്ടും മാറ്റിയെഴുതും. ഇതിലൂടെ വിചാരണ അനിശ്ചിതമായി നീളും. ഇതൊഴിവാക്കാനാണ് പ്രത്യേക കോടതിക്കായി പ്രതിഭാഗം ശ്രമിക്കുക. എന്നാൽ ദിലീപിനെ അന്യായമായി ജയിലിൽ അടച്ചുവെന്ന ആരോപണത്തെ മറികടക്കാനാണ് പ്രോസിക്യൂഷനും ഈ മാതൃകയെ പിന്തുണയ്ക്കുന്നത്. കേസിൽ ദിലീപിനെതിരെ മതിയായ തെളിവുണ്ടെന്നും അതുകൊണ്ട് തന്നെ ദിലീപ് രക്ഷപ്പെടുമെന്ന ആശങ്കയില്ലെന്നും പൊലീസ് പറയുന്നു.

ദിലീപിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും നിഷേധിച്ചാൽ പ്രതിഭാഗം പ്രത്യേക കോടതിയെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കും. കേസിൽ രഹസ്യവിചാരണയാകും നടക്കുക. വേഗം വിചാരണ പൂർത്തിയാക്കുകയാണു ലക്ഷ്യം. ഇതുമാത്രമാണ് ദിലീപിന് എത്രയും വേഗം പുറത്തുവരാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ തിരിച്ചറിയുന്നു. ഒക്ടോബർ പത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നതിനാൽ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണു ദിലീപിന്റെ ശ്രമം. കുറ്റപത്രം സമർപ്പിച്ചാൽ അങ്കമാലി കോടതിയിൽ തന്നെ വീണ്ടും ജാമ്യ ഹർജി കൊടുക്കാനും നീക്കമുണ്ട്. ഇതും പൊളിഞ്ഞാൽ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നതോടെ ദിലീപ് വിചാരണത്തടവുകാരനായി മാറും. പിന്നെ വിചാരണ പൂർത്തിയായി കോടതി വിധി പറയുംവരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടിയും വരും.

കുറ്റപത്രം കൊടുത്തുകഴിഞ്ഞാൽ ശക്തമായ തെളിവില്ലെങ്കിൽ ജാമ്യം അനുവദിക്കും. അല്ലാത്ത പക്ഷം പ്രത്യേക കോടതി രൂപീകരിച്ചു നടപടി പൂർത്തിയാക്കുക. സ്ത്രീപീഡനക്കേസായതിനാൽ വിചാരണ വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി സ്വമേധയാ പ്രത്യേക കോടതിയെ നിയമിക്കാം. അല്ലെങ്കിൽ പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ ഇക്കാര്യം ആവശ്യപ്പെടാം. എറണാകുളത്തു ജില്ലാ സെഷൻസ് കോടതികൾ പതിനഞ്ചോളമുണ്ട്. ഇവയിലൊന്നാകും പ്രത്യേക വിചാരണക്കോടതി. വിവാദമായ വരാപ്പുഴ, പറവൂർ, മട്ടന്നൂർ സ്ത്രീപീഡന കേസുകളിൽ പ്രത്യേക കോടതി രൂപീകരിച്ചാണു വിചാരണ നടത്തിയതും വിധിപ്രസ്താവിച്ചതും. ഇതേ മാതൃക ഇവിടേയും തുടരും.