കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ കുറ്റപത്രം വരുമ്പോൾ ദിലീപ് ഒന്നാം പ്രതിയാവില്ലെന്ന് സൂചന. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് മറ്റ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമാവും. ഇതാണ് ദിലീപിനെ കേസിലെ ഏഴാം പ്രതിയായി കുറ്റപത്രം തയ്യാറാക്കുന്നത്. പൾസർ സുനിയടക്കം 7 പ്രതികൾക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഇതിൽ ആദ്യ ആറ് പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഏഴാം പ്രതി ചാർളി, കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കുന്നതിനാണ് പിടിയിലായത്. ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിൽ ഗൂഢാലോചന കുറ്റം ആരോപിക്കുന്ന ദിലീപ് നിലവിൽ 11 ആം പ്രതിയാണ്. ഈ കേസിൽ 8,9,10 പ്രതികൾ ജയിലിൽ പൾസർ സുനിക്ക് വേണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കാൻ സഹായം നൽകിയ കുറ്റത്തിന് പ്രതിചേർക്കപ്പെട്ടവരാണ്. ജാമ്യം ലഭിച്ച് ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ, മറ്റ് പ്രതികൾക്കും ജാമ്യം നൽകണമെന്ന് വാദിക്കാം. എട്ടുമാസത്തോളമായി ഇവർ തടവറയിലാണ്. ജാമ്യം ലഭിച്ച ദിലീപിനേക്കാൾ, എന്തുകൊണ്ടും ശക്തികുറഞ്ഞവരാണ് മറ്റ് പ്രതികൾ എന്നവാദമാകും ഇവരുടെ അഭിഭാഷകർ ഉയർത്തുക. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത ആളുകൾക്ക് ജാമ്യം ലഭിച്ചാൽ അത് പൊലീസിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. ഇതാണ് ദിലീപിനെ ഏഴാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ.

അതിനിടെ കേസിൽ ഒന്നാം പ്രതിയാക്കുന്നത് ദിലീപിന് തിരിച്ചടിയാകുമെന്ന് സിനിമാ ലോകത്ത് വിലയിരുത്തൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപട്ടികയിൽ ദിലീപിന്റെ സ്ഥാനം താഴേയ്ക്കാക്കാനും ചിലർ ചരടു വലികൾ നടത്തി. ഇത് ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്നും വിലയിരുത്തലുണ്ട്. ദിലീപ് കേസിൽ ഏഴാം പ്രതിയാക്കുന്നതോടെ ഒന്നാം പ്രതിയാകുമെന്ന് വാർത്ത നൽകിയ മാധ്യമങ്ങളെ കടന്നാക്രമിക്കാനും ദിലീപിന്റെ അനുകൂലികൾക്ക് കഴിയും. കേസിന്റെ വിചാരണയിലും ഏഴാം പ്രതിസ്ഥാനം ദിലീപിന് തുണയാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. കേസിൽ ഒന്നാം പ്രതിയായാൽ സംശയത്തിന്റെ ആനുകൂല്യമെന്ന വാദം പോലും കോടതി അംഗീകരിക്കില്ല. ഇതുകൊണ്ടെല്ലാം ദിലീപിനെ അനുകൂലിക്കുന്നവർ ഏഴാം പ്രതിയാകാനുള്ള സാധ്യതയെ പ്രതീക്ഷയോടെയാണ് കാണുന്നത്.

എന്നാൽ ഈ നീക്കത്തിൽ കള്ളക്കളികളൊന്നുമില്ലെന്ന് പൊലീസും വിശദീകരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികളെക്കാൾ ഗുരുതര കുറ്റം ചെയ്തതായി കണക്കാക്കുന്നത് രണ്ടാം പ്രതി മാർട്ടിനെയാണ്. നടിയെ ആക്രമിക്കുന്ന സമയം കാറോടിച്ചിരുന്നത് മാർട്ടിനായിരുന്നു. നടിയുടെ യാത്ര വിവരങ്ങൾ കൃത്യമായി സംഘത്തിന് നൽകിയതും മാർട്ടിനാണ്. ബോധപൂർവ്വം കുറ്റകൃത്യത്തിന് സഹകരിച്ചു, വിശ്വാസ വഞ്ചന, രക്ഷിക്കാൻ ശ്രമം നടത്തിയില്ല. തുടങ്ങിയ കുറ്റങ്ങളാണ് മാർട്ടിനെതിരെയുള്ളത്.

അതിനാലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാത്തതെന്നാണ് വിവരം. മാത്രമല്ല, ഒന്നാം പ്രതീയാക്കാനുള്ള നീക്കം പൊലീസ് ദിലീപിനെതിരെ വൈകാരികമായി നീങ്ങുന്ന എന്ന് സന്ദേശവും നൽകും. ഇത് ഒഴിവാക്കാനാണ് ശ്രമമെന്ന് പൊലീസ് വിശദീകരിക്കുന്നു. അതിനിടെ കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം പൊലീസിലുണ്ടെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ പ്രതിസ്ഥാനത്തിൽ പോലും തീരുമാനം എടുക്കാൻ കഴിയാത്തതെന്നാണ് സൂചന.

120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാൽ, നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന അതേശിക്ഷ ദിലീപിനും കിട്ടും. അതുകൊണ്ട് പ്രതിപ്പട്ടികയിൽ ഏത് സ്ഥാനത്ത് വരുന്നുവെന്നതിൽ കാര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണഅ സൂചന. നടൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെയാകും കുറ്റപത്രം.

ആക്രമണത്തിനു മുന്നോടിയായി ഇതിന്റെ ഗൂഢാലോചനയ്ക്ക് പലവട്ടം ദിലീപ് നേതൃത്വം നൽകിയെന്ന് പറയുന്ന കുറ്റപത്രത്തിൽ കേസിൽ ഒന്നാംപ്രതി പർസർ സുനിക്കെതിരെ ചുമത്തിയ ബലാൽസംഗം അടക്കമുള്ള കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതുവരെ പുറത്തുവരാത്ത നിർണായക തെളിവുകൾ ഉൾപ്പെടെയുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. അതേസമയം, കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ചില നിണായക നീക്കങ്ങൾ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ട്.

ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. മജിസ്ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും. ഈ രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും.

ഇതിൽ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചവയാണ്. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന വിവരവും കോടതിയെ അറിയിക്കും.

ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ സുനി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകുന്നത്. മൂന്നു മാസത്തോളം ജയിലിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ച സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടീസ് നൽകിയിരുന്നു.

ദിലീപിന്റെ വിശദീകരണത്തിൽ തൃപ്തി അറിയിച്ച പൊലീസ്, സുരക്ഷാ ഏജൻസിക്കു ലൈസൻസ് ഉണ്ടെങ്കിൽ ആയുധങ്ങൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. എന്നാൽ ദിലീപ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറൽ എസ്‌പി എ.വി. ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ വിശദീകരിച്ചു. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്.