കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് ദിലീപിന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുമെന്ന് വിലയിരുത്തൽ. കുറ്റപത്രം ചോർന്ന കേസിൽ അങ്കമാലി കോടതി പൊലീസിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യയുടെ സ്ഥലം മാറ്റം. കുറ്റപത്രം ചോർന്നത് വലിയ വീഴ്ചയായി സർക്കാർ കാണുന്നു. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കോടതിയിൽ നിന്ന് കുറ്റപത്രം പ്രതിക്ക് കൊടുക്കുന്നതിന് മുമ്പേ തന്നെ ഇത് ചാനലുകൾ ചർച്ചയാക്കി. ഇതോടെ കേസ് ദുർബ്ബലമാക്കാനുള്ള നിയമപോരാട്ടം നടത്താൻ ദിലീപിന് കഴിയുകയും ചെയ്യുന്നു. ഈ ഒറ്റപ്പിഴവു കൊണ്ട് നടിയെ ആക്രമിച്ച കേസ് മുഴുവനായി ചാരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ദിലീപ് ഓൺലൈൻ ചോദിച്ചിരുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓൺലൈൻ ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യയുടെ മാറ്റം എത്തുന്നത്.