- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണു ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് സൂര്യാ ശരത്ത്; തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാർട്ടിക്കും കോടികൾ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ്; എല്ലാ ശബ്ദങ്ങളും തിരിച്ചറിഞ്ഞു; ഇനി അറസ്റ്റുകൾ തന്നെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം മെഹ്ബൂബ് ആലുവപ്പുഴയോരത്തെ ദിലീപിന്റെ വീടു സന്ദർശിച്ച അവസരത്തിൽ 'സൂര്യ ശരത്ത്' എന്നറിയപ്പെടുന്ന ശരത്തും അവിടെയുണ്ടായിരുന്നവെന്നതിന് സ്ഥിരീകരണം. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബിൽ റിക്കോർഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്.
മുൻ മന്ത്രി തോമസ് ചാണ്ടി മരിച്ച ദിവസം അതിന്റെ വാർത്ത ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണു 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമർശങ്ങൾ ദിലീപും കൂട്ടാളികളും നടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണു നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമർശം നടത്തിയതു സൂര്യ ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും, വി.ഐ.പിയും, ദിലീപിന്റെ അനിയൻ അനൂപും, അളിയൻ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്.
ബാലചന്ദ്രകുമാർ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി രാജിവെച്ച വാർത്തയാണ് ടെലിവിഷനിൽ ഓടുന്നത്. ആദ്യം സംസാരിക്കുന്നത് വി.ഐ.പി. തുടർന്ന് ദിലീപ്. പിന്നെ വി.ഐ.പി.വീണ്ടും ദിലീപ്. അവസാനം അനൂപ്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാർട്ടിക്കും കോടികൾ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ് പറയുന്നു. പിണറായി സർക്കാറിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്.
നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം ഇടിച്ച് അപായപ്പെടുത്തിയാൽ ഒന്നരക്കോടി രൂപ ചെലവാക്കേണ്ടിവരില്ലേയെന്ന ശബ്ദരേഖയിലെ പരാമർശം നടത്തിയതു ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജാണെന്ന മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ദിലീപിനു വേണ്ടി സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തുന്നതു സഹോദരൻ അനൂപും അളിയൻ സുരാജുമാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഇവർ മുന്നിട്ടിറങ്ങിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തു ശരത്ത് ഒളിവിൽപ്പോയെന്നാണു വിവരം.
അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ദിലീപ് അടക്കമുള്ളവർ നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ശരത്തിനു നോട്ടിസ് നൽകിയിരുന്നു. എല്ലാവരുടേയും മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികൾ തള്ളുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
ജാമ്യാപേക്ഷകൾ തള്ളിയാൽ ഉടൻ പൊലീസ് അറസ്റ്റിലേക്ക് കടക്കും. ദിലീപ് അടക്കമുള്ളവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലുണ്ടെന്നാണ് സൂചന. ശരത്തിനേയും കണ്ടെത്താൻ ശ്രമിക്കും. ആരും വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ആവശ്യം വന്നാൽ ശരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇറക്കും. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസിലെ വി.ഐ.പി. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തെന്ന് സംശയം. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശരത്ത് ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി. മോഹനചന്ദ്രൻ അറിയിച്ചു. ക്രൈം ബ്രാഞ്ച് എസ്പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി 8.30 ഓടെയാണ് അവസാനിച്ചത്. സൂര്യ ഹോട്ടൽ ഉടമയാണ് ശരത്ത്.
ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്ത്. മുൻപ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ഇയാളാണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടിൽ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ശരത്ത് ഹാജരായിരുന്നില്ല.
ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സൂരജിന്റെ ഫ്ളാറ്റിലും റെയ്ഡ് നടത്തുകയുണ്ടായി. കൊച്ചി കത്രിക്കടവിലുള്ള ഫ്ളാറ്റിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സൂരജ് മൂന്നാംപ്രതിയാണ്. സൂരജിന്റെ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് നിർണായകമായ നീക്കങ്ങൾ ക്രൈംബ്രാഞ്ച് നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ