കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. ദിലീപിന്റെ റിമാൻഡ് കാലാവധിയും തിങ്കളാഴ്ച അവസാനിക്കും. ജാമ്യം അനുവദിച്ചില്ലെങ്കിൽ ദിലീപിനെ കേസ് നടക്കുന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്യും. കേസ് ഡയറി വിശദമായി പരിശോധിച്ചാണ് ജാമ്യ ഹർജിയിൽ കോടതി വിധി പറയുന്നത്.

സംഭവത്തിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വാദംകേൾക്കും. 2011-ൽ മറ്റൊരു നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ സുനിയുടെ കസ്റ്റഡികാലാവധി ഞായറാഴ്ച അവസാനിച്ചു. ഈ സാഹചര്യത്തിലാകും ജാമ്യം കിട്ടിയില്ലെങ്കിൽ വീണ്ടും റിമാൻഡ് ചെയ്യുക. നടന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് അഡ്വക്കേറ്റ് രാംകുമാർ. എന്നാൽ ജാമ്യ ഹർജിയെ പ്രതിരോധിക്കാൻ ആയെന്ന് പ്രോസിക്യൂഷനും പറയുന്നു. ഇന്ന് ജാമ്യം കിട്ടിയാൽ അത് നടന് ആശ്വാസമാകും. കേസ് ദുർബലമാണെന്ന വാദവും സജീവമാക്കാം. അതുകൊണ്ട് തന്നെ ഇന്ന് ദിലീപിന് ഏറെ നിർണ്ണായകമാണ്.

ജാമ്യ ഹർജിയിൽ അതി ശക്തമായ നിലപാടാണ് പ്രോസിക്യൂഷൻ എടുത്തത്. നാലു തവണ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ദിലീപ് ആണ്. ചിത്രം പകർത്തിയ മൊബൈൽ കണ്ടെത്തുവാൻ കസ്റ്റഡി അനിവാര്യമാണ്. പ്രതികളെല്ലാം ഒരേ മൊബൈൽ ടവറിനു കീഴിൽ എത്തിയിരുന്നു. പൾസർ സുനിയുടെ കത്തും പ്രോസിക്യുഷൻ കോടതിയിൽ വായിച്ചു. എല്ലാ പ്രതികളുടെയും മൊഴികൾ വിരൽ ചൂണ്ടുന്നത് ദിലീപിലേക്കാണ്. അതിനാൽ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

ദിലീപിനെതിരായ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിനായി രാംകുമാർ ചൂണ്ടിക്കാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ല. ദിലീപിനോട് വൈരാഗ്യമുണ്ടെന്നും അവർ പറഞ്ഞിട്ടില്ല. ദിലീപിനെതിരെ തെളിവില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നു. അതാണ് പൊലീസ് തെളിവായി പറയുന്നത്. ഗൂഢാലോചന വാദം തെറ്റാണ്. രണ്ടു പേർ ഒരു കാറിനുള്ളിൽ ഇരുന്ന് സംസാരിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്. കുറ്റകൃത്യം ചെയ്യാനുള്ള മാനസിക ഐക്യം ഉണ്ടെങ്കിലേ ഗൂഢാലോചനയാകൂവെന്നും വാദിച്ചു.

പൾസർ സുനിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പൊലീസ് ഉന്നയിക്കുന്ന വാദങ്ങൾക്ക് തെളിവില്ല. പൾസർ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സാന്നിധ്യമാണ്. അതാണ് ദിലീപിനെതിരെ ഗൂഢാലോചനയായി ഉയർത്തിക്കാട്ടുന്നത്. പൊലീസ് പറയുന്ന 19 തെളിവുകളിൽ എട്ടെണ്ണം ദിലീപിനെതിരെയുള്ളതല്ല. പല തവണയായി 26 മണിക്കൂർ ചോദ്യം ചെയ്തുകഴിഞ്ഞു. അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ വയ്ക്കുന്നത് ഉചിതമല്ലെന്നും അഡ്വ. രാംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

വാദത്തിനിടെ നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. പൾസർ സുനി വിളിക്കുമ്പോൾ അപ്പുണിയും ദിലീപും ഒരേ മൊബൈൽ ടവറിനുള്ളിലായിരുന്നു. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.

വാദം പുരോഗമിക്കുന്നതിനിടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയിൽ നിന്ന് വിമർശനം ഉയർന്നതായും റിപ്പോർട്ടുണ്ട്. ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ട് മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമർശമാണ് ഇതിന് ആധാരം. ജാമ്യം നിഷേധിക്കുന്നത് സമാനമനസ്‌കർക്കുള്ള പാഠമാണെന്നായിരുന്നു പരാമർശം. ജാമ്യം തള്ളിക്കൊണ്ടുള്ള പരാമർശം അനവസരത്തിലുള്ളതെന്നായിരുന്നു വിമർശനമെന്നാണ് സൂചന.