കൊച്ചി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. ദിലീപിനെതിരെയ ഗൂഢാലോചനാ കേസിൽ കൃത്യമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ബാലചന്ദ്രകുമാർ ക്രെഡിബിളായ സാക്ഷിയാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിലീപിനെതിരെ ബാലചന്ദ്രകുമാർ പൊലീസിൽ പരാതി നൽകിയ പശ്ചാത്തലവും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി വധഗൂഢാലോചന നടത്തിയത് പൊലീസിനോട് പറഞ്ഞാൽ ദിലീപ് നമ്മളെയും കൊന്നാലോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഗൂഢാലോചന നടക്കുന്ന സമയത്ത് തന്നെ എല്ലാ കാര്യങ്ങളും ബാലചന്ദ്രകുമാർ ഭാര്യയോട് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ. ദിലീപ് ഗൂഢാലോചന നടത്തിയതിന് നേർസാക്ഷിയായ ആളാണ് ബാലചചന്ദ്രകുമാറെന്നും ഡിജിപി കോടതിയിൽ.

'ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണമെന്ന ദിലീപിന്റെ പരാമർശം കൊലപാതകത്തിനുള്ള നിർദ്ദേശമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിന്റെ ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്. ഒരു റെക്കോർഡും ഉണ്ടാക്കരുതെന്നാണ് ഇതിന് അനൂപ് നൽകിയ മറുപടിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തിയിരിക്കുന്നത്. വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തർ ഹോമിലെ മഞ്ജുവാര്യരുടെ ഫ്ളാറ്റിലും പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച് പ്രതികൾ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്ളാറ്റിൽ വച്ച് ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതി ദിലീപിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും പ്രൊസിക്യൂഷൻ. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തയാളാണ് പ്രതി. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഉൾപ്പെടെ പ്രതികൾ കൂട്ടത്തോടെ ഫോൺ മാറ്റിയത് എന്തിനെന്നും സർക്കാർ. ഫോണിന്റെ ലോക്കിങ് പാറ്റേൺ മജിസ്‌ട്രേറ്റിന് നൽകാൻ വിസമ്മതിക്കുകയായിരുന്നു ദിലീപ് ഉൾപ്പെടെ പ്രതികൾ. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ഓരോ നിമിഷവും അന്വേഷണത്തിൽ നിർണായകമാണെന്നിരിക്കെയാണ് ദിലീപും കൂട്ടാളികളും ഇത്തരത്തിൽ പ്രവർത്തിച്ചത്.

ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഫോൺ കൈമാറാൻ പോലും ദിലീപും മറ്റ് പ്രതികളും ആദ്യം തയ്യാറായില്ല. ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറെണ്ണമേ ഉള്ളൂ എന്നാണ് പ്രതികളുടെ വാദം. അവരുടെ വാദം തെറ്റാണെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് ദിലീപ് ഉൾപ്പെടെ പ്രതികളുടേത്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിന് സംവിധായകൻ ബാലചന്ദ്രകുമാറുമായി മുൻപരിചയമില്ല. ചാനൽ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്‌പി ബാലചന്ദ്രകുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്രകുമാർ കൈമാറിയിട്ടുണ്ട്.