- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ അഭിഭാഷകൻ മുഖേന പണം വാഗ്ദാനം; പ്രതിഭാഗത്തെ അനുകൂലിച്ചാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന് പറഞ്ഞു; അഭിഭാഷകന്റെ നിർദേശ പ്രകാരമെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചതുകൊല്ലം സ്വദേശി നാസർ; നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചു പരാതി നൽകിയത് ചുവന്നമണ്ണ് സ്വദേശി ജിൻസൺ
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ വീണ്ടും ശ്രമം നടക്കുന്നതായി ആരോപണം. പ്രതിഭാഗത്തെ അനുകൂലിച്ചാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന വാഗ്ദാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു സാക്ഷി കൂടി രംഗത്തുവന്നു. തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നു കാണിച്ചു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസർ ആണ് വിളിച്ചതെന്ന് പരാതിക്കാരന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൺ.
അതേസമയം നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് രാജിവെച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. നടിയെ ആക്രമിച്ച കേസ് ഇന് 26ന് ആണ് പരിഗണിക്കുക. ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങി കിടക്കുകയായിരുന്നു. വിചാരണ കോടതി പക്ഷപാതിത്വം കണിക്കുന്നുവെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിസ്താര നടപടികൾ മുടങ്ങിയത്. കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രദീപ് കോട്ടത്തല നൽകിയ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം ഉണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കോട്ടത്തലക്കെതിരെ അന്വേഷണ സംഘം ഗുരുതര വിവരങ്ങൾ കണ്ടെത്തിയിരുന്നു. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ കോടികൾ ചെലവഴിക്കാൻ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേർന്നത്. ഇതിന്റെ തുടർച്ചയായാണ് പ്രദീപ് കോട്ടത്തലയുടെ നീക്കങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്ന് വിളിക്കുന്ന സുനിൽ രാജുമായി ഫോണിൽ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമേ മറ്റ് സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നൽകുന്നതിന് വേണ്ടി സ്വാധീനിക്കാൻ പ്രദീപ് ശ്രമിച്ചു.
ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡ് തിരുനെൽവേലി സ്വദേശിയുടെ പേരിൽ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളർ കേസിന്റെ കാലത്ത് സരിതയെ ജയിലിൽ കണ്ട് സ്വാധീനിക്കാൻ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.
2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർകോട് നഗരത്തിലെ ജൂവലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോണിൽ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകൾ ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്നു കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിന്റെ മൊഴികൾ അതിനിർണായകവുമാണ്.
മറുനാടന് മലയാളി ബ്യൂറോ