കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എല്ലാ ഘട്ടത്തിലും അട്ടിമറി പൂർണമാകുകയാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും കൂട്ടരും രംഗത്തിറങ്ങിയത് ഇടതു എംഎൽഎമാരുടെ ആശീർവാദത്തോടെയാണ് ഗണേശ് പരസ്യമായി തന്നെ കളത്തിലിറങ്ങിയപ്പോൾ എം മുകേഷ് എംഎൽഎയും അനുകൂല നിലപാടുമായി രംഗത്തിറങ്ങിയെന്ന് സൂചനയുണ്ട്. കൂടാതെ മലയാളത്തിലെ തന്നെ പ്രഗത്ഭരായ സിനിമാ താരങ്ങളും കേസിൽ എല്ലാ സ്വാധീനവും ചെലുത്താൻ ദിലീപിനൊപ്പം നിന്നു.

വിഷയത്തിൽ ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ അറസ്റ്റു ചെയ്തതോടെ ഇടതു മുന്നണിയും സമ്മർദ്ദത്തിലാകുന്ന ഘട്ടത്തിലാണ്. കേസിൽ സർക്കാറിന് ആത്മാർത്ഥത കുറവാണെന്ന വിമർശനമാണ് ഉയരുന്നത്. ഒരേ സമയം ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സർക്കാറിനെന്നാണ് ഉയരുന്ന പ്രധാന വിമർശനം. അതേസമയം കേസിലെ ആരോപണം ദിലീപിലേക്കും ഗണേശിലേക്കും വീണ്ടും നീളുകയാണ്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ പ്രദീപ് കുമാർ ( പ്രദീപ് കോട്ടാത്തല) വെറും കൂലിക്കാരനാണെന്ന് മാപ്പുസാക്ഷി വിപിൻലാൽ ആരോപിച്ചു. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിന് പിന്നിൽ വൻ സംഘമുണ്ട്. ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചതിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയാണെന്നും വിപിൻ ലാൽ പറഞ്ഞു.

പ്രദീപ് കോട്ടാത്തല കാസർകോട് വന്നത് ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ്. ആരാണ് ഇതിന്റെ ഗുണഭോക്താവ്, തന്നെ സ്വാധീനിച്ചാൽ ആർക്കാണ് നേട്ടം എന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രദീപ് ഈ കേസിലെ പ്രതിയോ, ഈ കേസുമായി ബന്ധമുള്ള ആളോ അല്ല. പ്രദീപ് എന്നെ വന്നു കണ്ടതുകൊണ്ട് ആർക്കാണ് ഗുണം എന്നാണ് തെളിയിക്കേണ്ടതെന്ന് വിപിൻലാൽ പറഞ്ഞു.

വിപിൻലാലിനെ കാണാൻ കഴിയാതെ വന്നപ്പോൾ അമ്മാവനെ കണ്ട്, പണവും വീടുവെച്ചു നൽകാമെന്നും ചികിൽസാ ചെലവ് വഹിക്കാമെന്നും വാഗ്ദാനം നൽകി. പണം നൽകി സ്വാധീനിക്കാനും ശ്രമിച്ചു. വഴങ്ങാത്തതിനെ തുടർന്ന് 2020 സെപ്റ്റംബർ 24,25,26 തീയതികളിൽ മൂന്നു ഭീഷണിക്കത്തുകൾ വിപിൻലാലിന് ലഭിച്ചു. ദിലീപിന് അനുകൂലമായി മൊഴി നൽതകിയില്ലെങ്കിൽ ജീവഹാനി ഉണ്ടാകുമെന്നായിരുന്നു കത്തിൽ. ഇതേത്തുടർന്നാണ് വിപിൻലാൽ ബേക്കൽ പൊലീസിൽ പരാതി നൽകുന്നത്.

വിപിൻലാലിനെ കാണുന്നതിനായി പ്രദീപ് കോട്ടാത്തല വിമാനത്തിലാണ് കാസർകോട് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് യാത്രക്കായി 25,000 രൂപ പ്രദീപ് ചെലവാക്കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ബേക്കൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കാസർകോട് വന്നത് വാച്ചു വാങ്ങിക്കാനാണെന്നാണ് പ്രദീപ് കോട്ടാത്തല പറഞ്ഞിരുന്നത്. ദേവാലയത്തിൽ സന്ദർശിച്ചുവെന്നും പ്രദീപ് പൊലീസിനോട് പറഞ്ഞു.

തന്നെയും സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന മറ്റൊരു തടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിൻസണും വെളിപ്പെടുത്തി. പ്രതിഭാഗം അഭിഭാഷകന്റെ പേരു പറഞ്ഞ് കൊല്ലം സ്വദേശി നാസറാണ് വിളിച്ചത്. നടിയെ ആക്രമിച്ച കേസിൽ പ്രതികളെ സഹായിക്കുന്ന മൊഴി നൽകിയാൽ അഞ്ചുസെന്റ് ഭൂമി നൽകാമെന്നും 25 ലക്ഷം രൂപ നൽകാമെന്നുമായിരുന്നു വാഗ്ദാനം. ഇതിന്റെ ഓഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയാണ് വിളിച്ചത്. താൻ തൃശൂർ പീച്ചി പൊലീസിൽ പരാതി നൽകിയെന്നും ജിൻസൺ അറിയിച്ചു.

അതേസമയം ഗണേശിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗണേശ്‌കുമാർ MLA യുടെ പങ്ക് അന്വേഷിക്കണം.... 
ഇരയ്‌ക്കൊമപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യേണ്ടതെങ്ങനെയെന്ന് ഇടതുമുന്നണി ഒരിക്കൽ കൂടി കാണിച്ചു തന്നു.. സൂപ്പർ താരത്തെ അഴിക്കുള്ളിലാക്കി എന്ന് ആവർത്തിക്കുന്നവർ അതേ താരത്തെ രക്ഷിക്കാനുമുള്ള വഴി നോക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ഇടതുമുന്നണി എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിലായതിനെക്കുറിച്ച് വനിതാവിമോചന പ്രവർത്തകരും ചലച്ചിത്രലോകവും പുലർത്തുന്ന മൗനം അതിശയകരമാണ്.

പത്തനാപുരം എംഎൽഎയുടെ ഓഫീസിൽ നിന്നാണ് കോളിളക്കം സൃഷ്ടിച്ച ഒരു പീഡനക്കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായത്! ഗണേശ് കുമാർ വഴിയല്ലാതെ ഈ കേസ്സുമായി പ്രദീപ് കോട്ടത്തലയ്ക്ക് എന്തുബന്ധം? സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് എംഎൽഎയുടെ നിർദേശപ്രകാരമാണെന്ന് പകൽപോലെ വ്യക്തമായിരിക്കെ എംഎൽഎയെ ചോദ്യം ചെയ്യാൻ തയാറാകാത്തതെന്ത് ? അറസ്റ്റയിലിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് എംഎൽഎയുടെ വിചിത്രമായ ന്യായീകരണവും !

സ്ത്രീ സുരക്ഷയുടെ പേരിൽ ജനാധിപത്യവിരുദ്ധ നിയമങ്ങൾ പോലും കൊണ്ടുവരുന്ന മുഖ്യമന്ത്രിക്ക് ഘടകകക്ഷി എംഎൽഎയോട് വിശദീകരണം തേടാൻ തോന്നാത്തതെന്ത് ?അതേ അച്ഛന്റെ കാര്യത്തിലെന്നതുപോലെ മകന്റെ കാര്യത്തിലും നാണംകെട്ട ഇരട്ടത്താപ്പാണോ നയം ?ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ അഴിമതിക്കും ഗണേശ് കുമാറിന്റ കാര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കും വേറെ നിർവചനമുണ്ടോയെന്ന് അഭിനവ ബുദ്ധിജീവികൾ വ്യക്തമാക്കണം.