- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്; ആ പെണ്ണിനെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ പൾസർ സുനിക്ക് കൊടുക്കുമായിരുന്നു': നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ രംഗത്ത് എത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കേസിൽ നിർണായക തെളിവ് ആയേക്കാവുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നു. ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണം റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേയും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ. ബാലചന്ദ്രകുമാർ തന്റെ ഫോണിൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.
ദിലീപിനെതിരെ നവംബർ 25 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ ഈ ശബ്ദരേഖകൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. 'ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു', തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.
ഇതെല്ലാം മറച്ചുവയ്ക്കാൻ പൾസർ സുനിക്ക് ഒന്നരക്കോടി രൂപ വരെ നൽകാൻ താൻ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. 'ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ അവന് കൊടുക്കുമായിരുന്നു' എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
മറ്റൊരു ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് ടിഎൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്. 'കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവിൽ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ' എന്നാണ് സംഭാഷണത്തിൽ പറയുന്നത്.
ഇതിനിടെ 'ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണെന്ന്' ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും ഉണ്ട്. കേസിൽ 84 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകൾ പുറത്തുവിട്ട ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങൾക്ക് താൻ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാർ പറയുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് കിട്ടി
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തെളിവുണ്ടെന്നും പറയുന്നു. എന്നാൽ ഇതിൽ യാതൊരു വസ്തുതയുമില്ലെന്നാണ് ദിലീപിനോട് അടുപ്പമുള്ളവർ പറയുന്നത്. ബാലചന്ദ്രകുമാറുമായി സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്ന് അവരും സമ്മതിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാനുള്ള ഒന്നും ഇയാളിൽ ഇല്ലെന്നാണ് അവർ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്താനുള്ള പ്രോസിക്യൂഷന്റെ അവസാന ശ്രമമാണ് ഇതെന്നും അവർ പറയുന്നു.
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൗ ബോയ് സിനിമയുമായി ബന്ധപ്പെട്ട് ചില ചർക്കങ്ങൾ ഉണ്ടായിരുന്നു. അതിൽ ഫെഫ്കയും ഇടപെട്ടിരുന്നുവെന്നാണ് സൂചന.
ദിലീപ് തന്റെ ചിത്രത്തിന് ഡേറ്റ് നൽകുന്നില്ലെന്ന പരാതിയും ബാലചന്ദ്രകുമാർ ചില സംവിധായകരുമായി പങ്കുവച്ചിരുന്നു. ഫെഫ്കയിൽ അംഗമാല്ലാത്തതു കൊണ്ട് തന്നെ ഈ വിഷയത്തിൽ സംഘടന ഇടപെട്ടതുമില്ല. ഇതിനിടെ ദിലീപിന്റെ വീട്ടിൽ നടന്നുവെന്ന് പറയുന്ന സംഭാഷണ ശകലങ്ങൾ പുറത്തു വന്നിരുന്നു. ഇതെല്ലാം വച്ചാണ് ഇയാൾ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന സംഘത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇതെല്ലാം അന്വേഷണ സമയത്ത് നടത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. നിർണ്ണായക വെളിപ്പെടുത്തലുകളാണ് ഈ സംവിധായകൻ നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിലെ വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ച എത്തിച്ച വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങൾ ഇന്നും ഓർമയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാൽ അവർ ഒരു താൽപര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണസംഘത്തിലെ ഉദ്യാഗസ്ഥനായ സുദർശൻ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പൾസർ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് ബാലചന്ദ്രകുമാർ പറയുന്നത് ഇങ്ങനെ: 2014 ലാണ് കഥപറയാൻ വേണ്ടി പുള്ളിയുടെ അടുത്തെത്തുന്നത്. അപ്പോൾ എന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞിരുന്നു. ഞാൻ പുള്ളിയുടെയടുത്ത് കഥ പറഞ്ഞു. ആ കഥ പുള്ളിക്കിഷ്ടപ്പെട്ടു. ഇത് നിങ്ങൾ തന്നെ തിരക്കഥയും സംവിധാനവും ചെയ്തോ എന്ന് പുള്ളി തന്നെ പറഞ്ഞു. അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ് 2021 ഏപ്രിൽ വരെ നീണ്ട് പോയത്.
ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമായിരുന്നു. ഞാൻ സൗഹൃദമാവുന്ന സമയത്ത് അവരുടെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യയുമായുള്ള കേസ് നടക്കുന്ന കാലഘട്ടം. ദിലീപേട്ടന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.
ദിലീപിന്റെ വീട്ടിലെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങാൻ ദിലീപ് അദ്ദേഹത്തിന്റെ സഹോദരൻ അനൂപിനെയും എന്നെയും പറഞ്ഞയച്ചു. ഇതിനായി കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനുപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു.
കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു.
പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് ദിലീപിനെ കണ്ടത്.
പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു. ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.
ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.ഈ കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാർ അഭിമുഖത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ