കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി.എൻ. അനിൽ കുമാർ രാജിവച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണ ആണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്.രാജിക്കത്ത് കൈമാറി. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്.

കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയായ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഡീഷണൽ സ്പെഷ്യൽ സെഷൻസ് ജഡ്ജി ഹണി വർഗീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു.

നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിക്കുന്നത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

അതേ സമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നാളെ കോടതി പരിഗണിക്കും.

ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ തുടർ അന്വേഷണം ആവശ്യപ്പെട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ.

കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നെടുമ്പാശേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക സംഘത്തിലെ ഡിവൈഎസ്‌പി ബൈജു പൗലോസ് ആണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷന്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേസിൽ പിടിയിലായ പൾസർ സുനിയുമായി നടൻ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നൽകി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടംകൂട്ടമായി കൂറു മാറുമ്പോൾ ഈ വെളിപ്പെടുത്തലുകൾ കേസിന് സഹായകരമാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.

അതേസമയം, ആരെന്ത് പറഞ്ഞാലും മറുപടി പറയാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്നാണ് ദിലീപ് പ്രതികരിച്ചത്. കേസിലെ ജാമ്യവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോട് ഇതേപറ്റി സംസാരിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ ആരോപണങ്ങളെല്ലാം കേട്ടിരിക്കുകയാണെന്നും നടൻ പ്രതികരിച്ചു. 'അവിടെയിരുന്ന് ആരെന്ത് പറയുമ്പോഴും എനിക്കൊന്നും പറയാൻ പറ്റുന്നില്ല. എന്റെ പ്രേക്ഷകരോട് സത്യമെന്താണെന്ന് പറയാൻ പറ്റാത്ത സ്ഥലത്താണ് ഞാൻ നിൽക്കുന്നത്' ദിലീപ് പറഞ്ഞു.