കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൊലീസ് കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിലെ പ്രതികളിൽ ഒരാളായ ദിലീപിന്റെ, മുൻ സുഹൃത്തും, സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ഇതിന് അടിസ്ഥാനം. ഏറ്റവുമൊടുവിൽ, റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവറിൽ ബാലചന്ദ്രകുമാർ മറ്റൊരു ഗുരുതര ആരോപണവുമായി രംഗത്തെത്തി.

ചാനൽ ചർച്ചകളിൽ തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിനായി ദിലീപ് പലർക്കും പണം നൽകിയിരുന്നു എന്ന് അദ്ദേഹം പറയുന്നു.താൻ മുഖാന്തരം ഒരു വ്യക്തിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തിരുവനന്തപുരം നിവാസി ആയതിനാലാണ് തന്നെ ബന്ധപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു. തുടർന്ന് ദിലീപിന്റെ സഹോദരൻ അനൂപ് അവരെ നേരിട്ട് ബന്ധപ്പെട്ടു എന്നും അതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ചാനൽ ചർച്ചകളിൽ വരുന്നവർക്ക് ദിലീപ് പണം നൽകിയിട്ടുണ്ട്. അതിൽ ഒരാൾക്ക് പണം ഞാൻ മുഖാന്തരം നൽകാൻ പുള്ളിയുടെ അനിയൻ അയച്ച മെസ്സേജ് എന്റെ കൈവശമുണ്ട്. 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം നിവാസി ആയതിനാൽ 'ബാലു പണം അയച്ചു കൊടുക്കാം അക്കൗണ്ട് നമ്പർ വാങ്ങി തരൂ' എന്ന് പറഞ്ഞു.

ചാനൽ ചർച്ചയ്ക്ക് വന്ന മനുഷ്യന്റെ ഭാര്യയുടെ നമ്പറിലേക്ക് അനൂപ് മെസ്സേജ് അയച്ചു. 2017 ഒക്ടോബർ 22ന് ചാനൽ ചർച്ചയ്ക്ക് വന്ന വ്യക്തിയുടെ ഭാര്യ എനിക്ക് ആ മെസ്സേജ് അയച്ചു തന്നു. തങ്ങൾക്ക് ഈ പണം വേണ്ട, ഇഷ്ടം കൊണ്ടാണ് ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നത് എന്ന് അവർ മറുപടിയും നൽകിയിരുന്നു. ഞാൻ ഒരു തിരുവനന്തപുരം നിവാസി ആയതുകൊണ്ടാണ് എന്നിലൂടെ പണം നൽകാൻ തീരുമാനിച്ചത്. അത് നടക്കാതെ വന്നപ്പോൾ നേരിട്ടും ശ്രമം നടത്തി. പല തവണ പല ന്യായീകരണ തൊഴിലാളികൾക്ക് ഇവർ പണം നൽകിയിട്ടുണ്ട്.

കേസിൽ പിടിയിലായ പൾസർ സുനിയുമായി നടൻ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നൽകി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്

അതേസമയം, കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജനുവരി നാലിന് ഹർജി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ ഇന്നത്തെ നടപടി നിർത്തിവെക്കുകയായിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ആണ് ഇന്ന് ഹാജരായത്.

ബാലചന്ദ്ര കുമാറിന്റെ മുൻ വെളിപ്പെടുത്തലുകൾ

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാല ചന്ദ്രകുമാർ പറഞ്ഞു.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ ഒരു ന്യൂസ് ചാനലിന് നൽകി അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ച എത്തിച്ച വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങൾ ഇന്നും ഓർമയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാൽ അവർ ഒരു താൽപര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അന്വേഷണസംഘത്തിലെ ഉദ്യാഗസ്ഥനായ സുദർശൻ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പൾസർ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.

ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് ബാലചന്ദ്രകുമാർ പറയുന്നത് ഇങ്ങനെ: 2014 ലാണ് കഥപറയാൻ വേണ്ടി പുള്ളിയുടെ അടുത്തെത്തുന്നത്. അപ്പോൾ എന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞിരുന്നു. ഞാൻ പുള്ളിയുടെയടുത്ത് കഥ പറഞ്ഞു. ആ കഥ പുള്ളിക്കിഷ്ടപ്പെട്ടു. ഇത് നിങ്ങൾ തന്നെ തിരക്കഥയും സംവിധാനവും ചെയ്തോ എന്ന് പുള്ളി തന്നെ പറഞ്ഞു. അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ് 2021 ഏപ്രിൽ വരെ നീണ്ട് പോയത്.

ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമായിരുന്നു. ഞാൻ സൗഹൃദമാവുന്ന സമയത്ത് അവരുടെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യയുമായുള്ള കേസ് നടക്കുന്ന കാലഘട്ടം. ദിലീപേട്ടന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.

ദിലീപിന്റെ വീട്ടിലെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങാൻ ദിലീപ് അദ്ദേഹത്തിന്റെ സഹോദരൻ അനൂപിനെയും എന്നെയും പറഞ്ഞയച്ചു. ഇതിനായി കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനുപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു.

കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു.

പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് ദിലീപിനെ കണ്ടത്.

പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു. ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.

ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.ഈ കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാർ അഭിമുഖത്തിൽ പറയുന്നു.