- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും; പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്; ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്; അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാർ ഉണ്ട്; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും: പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാർ
തിരുവനന്തപുരം: താൻ ഇതുവരെ ദിലീപിന് എതിരെ ഒന്നും മിണ്ടാതിരുന്നത് ഭയം കൊണ്ടാണെന്ന് മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ. ധന്യ രാജേന്ദ്രനുമായി ദി ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നടിച്ചത്. കേസിന്റെ തുടക്കത്തിൽ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ലാ എന്ന് പലരും എന്നോട് ചോദിച്ചു. അന്ന് എന്റെ മാനസികാവസ്ഥ അങ്ങനെയായിരിക്കാം. ദിലീപിന്റെ സെറ്റപ്പുകൾ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് നല്ല ഭയമുണ്ടായിരുന്നു.
കാരണം ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും. അദ്ദേഹത്തിന് പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്. അദ്ദേഹത്തിന് ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്. അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാരുണ്ട്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും,' ബാലചന്ദ്ര കുമാർ പറഞ്ഞു.
ആദ്യം ദിലീപിന് ഈ കേസുമായി ബന്ധമില്ലായെന്ന് വിശ്വസിച്ച ഒരാളാണ് താൻ. ദിലീപും അദ്ദേഹത്തിന്റെ കൂടെയുള്ളവരും കുറ്റവാളിയാണെന്ന് മനസ്സിലാക്കുന്നത് പിന്നെയാണ്. ഇതിനെപ്പറ്റി പറയണോ വേണ്ടയോ എന്ന ഭയത്തിലൂന്നിയ ചിന്തയിലാണ് താൻ പിന്നീട് ജീവിച്ചത്. ഭയത്തിൽ നിന്നുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ ധൈര്യം. കിരീടം സിനിമയിൽ സേതുമാധവനുണ്ടായ മാറ്റത്തിന് സമാനമാണ് ഇപ്പോൾ തന്റെ മാറ്റമെന്നും ബാലചന്ദ്ര കുമാർ കൂട്ടിച്ചേർത്തു.
എനിക്കും ഒരു മകളുണ്ട്, ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണം എന്ന് തോന്നി. പ്രായം കൂടുന്നതിനനുസരിച്ച് തോന്നലുകളുണ്ടാകുമല്ലോ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അന്വേഷണത്തോട് ഇനിമുതൽ തീർച്ചയായും സഹകരിക്കും. ആ തീരുമാനം എടുത്തതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. താൻ ഒരിക്കലും ബ്ലാക്ക് മെയിൽ ചെയ്യുകയല്ല. അങ്ങനെ ആരോപിക്കുന്നുണ്ടെങ്കിൽ ദിലീപ് അതിനുള്ള തെളിവ് കൊണ്ടുവരണമെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
നേരത്തെ ബാലചന്ദ്രകുമാർ മറ്റൊരു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചകളിൽ തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിനായി ദിലീപ് പലർക്കും പണം നൽകിയിരുന്നു എന്ന് അദ്ദേഹം പറയുന്നു.താൻ മുഖാന്തരം ഒരു വ്യക്തിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തിരുവനന്തപുരം നിവാസി ആയതിനാലാണ് തന്നെ ബന്ധപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു. തുടർന്ന് ദിലീപിന്റെ സഹോദരൻ അനൂപ് അവരെ നേരിട്ട് ബന്ധപ്പെട്ടു എന്നും അതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ചാനൽ ചർച്ചകളിൽ വരുന്നവർക്ക് ദിലീപ് പണം നൽകിയിട്ടുണ്ട്. അതിൽ ഒരാൾക്ക് പണം ഞാൻ മുഖാന്തരം നൽകാൻ പുള്ളിയുടെ അനിയൻ അയച്ച മെസ്സേജ് എന്റെ കൈവശമുണ്ട്. 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം നിവാസി ആയതിനാൽ 'ബാലു പണം അയച്ചു കൊടുക്കാം അക്കൗണ്ട് നമ്പർ വാങ്ങി തരൂ' എന്ന് പറഞ്ഞു.
ചാനൽ ചർച്ചയ്ക്ക് വന്ന മനുഷ്യന്റെ ഭാര്യയുടെ നമ്പറിലേക്ക് അനൂപ് മെസ്സേജ് അയച്ചു. 2017 ഒക്ടോബർ 22ന് ചാനൽ ചർച്ചയ്ക്ക് വന്ന വ്യക്തിയുടെ ഭാര്യ എനിക്ക് ആ മെസ്സേജ് അയച്ചു തന്നു. തങ്ങൾക്ക് ഈ പണം വേണ്ട, ഇഷ്ടം കൊണ്ടാണ് ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നത് എന്ന് അവർ മറുപടിയും നൽകിയിരുന്നു. ഞാൻ ഒരു തിരുവനന്തപുരം നിവാസി ആയതുകൊണ്ടാണ് എന്നിലൂടെ പണം നൽകാൻ തീരുമാനിച്ചത്. അത് നടക്കാതെ വന്നപ്പോൾ നേരിട്ടും ശ്രമം നടത്തി. പല തവണ പല ന്യായീകരണ തൊഴിലാളികൾക്ക് ഇവർ പണം നൽകിയിട്ടുണ്ട്.
കേസിൽ പിടിയിലായ പൾസർ സുനിയുമായി നടൻ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നൽകി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്
അതേസമയം, കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജനുവരി നാലിന് ഹർജി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ ഇന്നത്തെ നടപടി നിർത്തിവെക്കുകയായിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ആണ് ഇന്ന് ഹാജരായത്.
മറുനാടന് മലയാളി ബ്യൂറോ