- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ച് ഉദ്യോഗസ്ഥന്മാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്; ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും'; അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പൾസർ സുനിയെയും വകവരുത്താൻ ദിലീപ് പദ്ധതി ഇട്ടെന്ന് ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. നടന് കുരുക്കാകുന്ന ശബ്ദരേഖ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പൾസർ സുനിയെയും വകവരുത്താൻ ദീലിപ് പദ്ധതിയിട്ടതിന് തെളിവുണ്ടെന്നാണ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്. ദിലീപിന്റെയും ഇപ്പോഴും അജ്ഞാതനായ കേസിലെ വിഐപിയുടെയും ശബ്ദരേഖയാണ് ചാനൽ പുറത്തു വിട്ടത്. ദിലീപിന്റെ സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്.
കേസിലെ അഞ്ച് ഉദ്യോഗസ്ഥർമാർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.
ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്മാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്
വിഐപി: 'കോപ്പന്മാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ'
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)
ദിലീപിന്റെ സഹോദരൻ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ'.
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാലചന്ദ്രൻ തന്റെ കൈയിലുള്ള രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടെന്നും ഒരു വിഐപി കേസിൽ ഇടപെട്ടിട്ടുണ്ടെന്നുമാണ് പ്രധാനമായും ബാലചന്ദ്രൻ വെളിപ്പെടുത്തിയത്. എന്നാൽ ആ വിഐപി ആരാണെന്ന് മാത്രം അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും സൂചന നൽകുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.
ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്, അദ്ദേഹം അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യാ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറികാർഡ് ദിലീപിന് കൈമാറിയതിൽ ഈ വിഐപിക്ക് പങ്കുണ്ടെന്ന് ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടർ അന്വേഷണത്തിന് കോടതി അനുമതി നൽകിയത്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ചില നിർണ്ണായക വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും സമർപ്പിച്ചതായാണ് വിവരം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു, ദിലീപിന്റെ വീട്ടിൽ വച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ