കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി. പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് മൊഴിയെടുക്കുന്നതിന് ആധാരം. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നൽകിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള പ്രാഥമിക തെളിവുകൾ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്റെ ഫോൺ റെക്കോഡ് ചെയ്ത ഫോൺ അടക്കം കൈമാറിയ രേഖകളിൽ ഉൾപ്പെടുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപ്, കാവ്യ മാധവൻ, സഹോദരൻ അനുപ്, സഹോദരി ഭർത്താവ് സുരജ്, ഒന്നാം പ്രതി പൾസർ സുനി എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും. മറ്റുള്ളവർക്ക് ഉടൻ നോട്ടീസ് നൽകും.പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി.

അതേസമയം കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നും കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.