കൊച്ചി: ദിലീപ് കേസിൽ ഹൈക്കോടതിയിൽ ഉണ്ടായത് എന്താകും കോടതി വിധിയെന്ന് വ്യക്തമായ സൂചന നൽകുന്ന നടപടിക്രമങ്ങൾ. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി വർഗ്ഗീസിനെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിന് ഹൈക്കോടതി പ്രോസിക്യൂഷനെ സമ്മതിച്ചില്ല. സത്യസന്ധയായ ജ്യുഡീഷ്യൽ ഓഫീസറാണ് ഈ കേസ് പരിഗണിക്കുന്നതെന്ന പരാമർശവും കോടതി നടപടികൾക്കിടെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. പ്രോസിക്യൂഷൻ ആവശ്യങ്ങളൊന്നും വിചാരണ കോടതി ജഡ്ജി കേൾക്കുന്നില്ലെന്ന പരാമർശമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉയർത്താൻ ശ്രമിച്ചത്. ഈ കേസിലെ വിധി നടിയെ ആക്രമിച്ച കേസിനേയും സ്വാധീനിക്കും. ഹർജി ഹൈക്കോടതി തള്ളിയാൽ അതിവേഗം സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാകും പ്രോസിക്യൂഷൻ ശ്രമം.

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാൻ മതിയായ കാരണം വേണമെന്നാണ് ഹൈക്കോടതി നിരീക്ഷിക്കുന്നത്. ചില സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്യ ഇത് പ്രോസിക്യൂഷന്റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചൂ. പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും കോടതി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജസ്റ്റിസ് ഡോക്ടർ കൗസർ ഇടപാഗത് വിലയിരുത്തി. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതി പരാമർശങ്ങൾ എന്നതാണ് നിർണ്ണായകം.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധം എന്നും കോടതി ചോദിച്ചു. ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ചോദിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മുമ്പിലും ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. ഈ മൊഴിയിൽ 20ന് മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് നടത്താനാണ് വിചാരണ കോടതിയുടെ നിർദ്ദേശം. ഇതിനുള്ള നടപടികളുമായി പൊലീസ് മുമ്പോട്ട് പോവുകയാണ്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും അന്വേഷണം. ദിലീപിനേയും ചോദ്യം ചെയ്യും. പൾസർ സുനിയുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രോസിക്യൂഷന്റെ പുനരന്വേഷണമെന്ന ആവശ്യം വിചാരണ കോടതി അംഗീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ രണ്ടുതവണ വിചാരണ സമയം സുപ്രീംകോടതി നീട്ടിയിരുന്നു. ഇത് വിചാരണ കോടതിയുടെ ആവശ്യം പരിഗണിച്ചാണ്. ഇപ്പോൾ സർക്കാരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുള്ളവർ ശ്രമിക്കുന്നതിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് ശബ്ദരേഖ അടക്കമുള്ളവയാണ് ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. അതിനിടെ കേസിലെ മാപ്പുസാക്ഷിയായ വിഷ്ണു പൊലീസിനെ കുത്തിയ കേസിൽ അകത്തായിട്ടുണ്ട്. ഇതും നടിയെ ആക്രമിച്ച കേസിലെ വിചാരണയിൽ നിർണ്ണായകമാകും. ഈ മാപ്പുസാക്ഷിയുടെ വിശ്വാസ്യതയെ കോടതിയിൽ ചർച്ചയാക്കാൻ ഈ വിഷയത്തിലൂടെ കഴിയും.

എളമക്കരയിൽ എഎസ്ഐയെ കുത്തി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു അരവിന്ദ് നടിയെ ആക്രമിച്ച കേസിലെയും പ്രതിയായിരുന്നു. നടി കേസിലെ ഒന്നാം പ്രതി സുനിൽകുമാറിനോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ സഹതടവുകാനായിരുന്നു വിഷ്ണു. പിന്നീട് മാപ്പുസാക്ഷിയായി. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട വിഷ്ണു സുനിൽകുമാറിനൊപ്പമാണ് ജയിലിൽ കഴിഞ്ഞത്. രണ്ട് കോടി ആവശ്യപ്പെട്ട് ജയിലിൽ വച്ച് സുനി (പൾസർ സുനി) എഴുതിയ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് നൽകിയത് പിന്നീട് ജാമ്യത്തിലിറങ്ങിയ വിഷ്ണുവായിരുന്നു. ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്നും വാഗ്ദാനം ചെയ്ത പണം ദിലീപ് നൽകിയില്ലെന്നും സുനി വിഷ്ണുവിനോട് വ്യക്തമാക്കി. തുടർന്നാണ് രണ്ട് കോടി ആവശ്യപ്പെട്ട് സുനി ദിലീപിന് കത്തെഴുതുന്നത്.

ജാമ്യത്തിലിറങ്ങിയ വിഷ്ണു കളമശേരിയിൽ വച്ചാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കത്ത് കൈമാറുന്നത്. സുനിക്ക് മൊബൈൽ ഫോണും സിം കാർഡും ഷൂവിൽ ഒളിപ്പിച്ച് ജയിലിലെത്തിച്ചതും വിഷ്ണുവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാപ്പു സാക്ഷിയായ വിഷ്ണു വിചാരണ കോടതിയിൽ ഹാജരാകാത്തതിനെതുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പത്താം പ്രതിയായ വിഷ്ണു പിന്നീട് ജാമ്യത്തിലിറങ്ങി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ബന്ധമുണ്ടെന്നും പൾസർ സുനിയും ദിലിപുമായി പരിചയമുണ്ടെന്നും വ്യക്തമാകുന്നത് വിഷ്ണുവിന്റെ മൊഴിയിലൂടെയായിരുന്നു.

22 കേസുകളിലെ പ്രതിയായ വിഷ്ണുവിനെ ബുധനാഴ്ച ബൈക്ക് മോഷണ കേസിൽ പിടികൂടുന്നതിനിടെയാണ് എളമക്കര എഎസ്ഐ പി എം ഗിരീഷിനെ കുത്തിയത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ വിഷ്ണുവിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.