കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകി. തന്റെ കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്ദം കൈയിലുണ്ടെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ, താൻ പറഞ്ഞ വിഐപി ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ്, സഹോദരൻ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ:

'ദിലീപുമായി ഏറ്റവും അടുത്ത നിൽക്കുന്ന ആളാണ് വിഐപി. അദ്ദേഹം മന്ത്രിമാരെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മന്ത്രിയുടെ മുന്നിൽ വച്ച് പറഞ്ഞാൽ മാത്രമേ സമാധാനം വരൂയെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതോ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് ഈ വിഐപി. പൊലീസുകാരെ ഉപദ്രവിക്കാനും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അവരെയും അപായപ്പെടുത്താൻ പുള്ളി പ്ലാൻ ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ എല്ലാ മേഖലയുമായി ബന്ധമുള്ള വ്യക്തിയായതുകൊണ്ടാണ് വിഐപി എന്ന് പേരിട്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകൾ കൈമാറിയെന്നും ബാലചന്ദ്രകുമാർ അറിയിച്ചു. കേസിൽ കൂടുതൽ സാക്ഷികളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

'കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുമുണ്ട്. കേസിൽ കൂടുതൽ സാക്ഷികൾ അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറു മാറ്റാൻ സാമ്പത്തികവും കായികവുമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിനും തെളിവുണ്ട്. സാഗർ കൂറുമാറിയതിന്റെ വിശദാംശങ്ങളും ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവും കൈവശമുണ്ട്.''-ബാലചന്ദ്രകുമാർ പറഞ്ഞു.