- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു; തുറന്നു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചു; ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറോളം; രേഖപ്പെടുത്തിയത് 51 പേജുള്ള മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ പൂർത്തിയായി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം. കോടതിയാണ് നിർദ്ദേശിച്ചത്. ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മൊഴി നൽകിയതെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ സാക്ഷികൾ ഉണ്ടാവും.
ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനു മുന്നിൽ ബാലചന്ദ്ര കുമാർ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.
ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകൾ കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്ക് നേരെ ഭീഷണി ഉയർന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദിലീപിന്റെ സുഹൃത്തായ നിർമ്മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.'
'കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദിലീപ് ഒരിടത്തും പറഞ്ഞിട്ടില്ല. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുമുണ്ട്. കേസിൽ കൂടുതൽ സാക്ഷികൾ അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറു മാറ്റാൻ സാമ്പത്തികവും കായികവുമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിനും തെളിവുണ്ട്. സാഗർ കൂറുമാറിയതിന്റെ വിശദാംശങ്ങളും ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവും കൈവശമുണ്ട്.''-ബാലചന്ദ്രകുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ