- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈയിൽ; ദുരുപയോഗിക്കാൻ സാധ്യത; മറ്റുള്ളവരുടെ കൈയിൽ എത്തിപ്പട്ടേക്കാം; തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനും ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം; വിചാരണ കോടതിയിൽ പുതിയ ഹർജി നൽകി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, വിചാരണ കോടതിയിൽ ദിലീപ് പുതിയ ഹർജി സമർപ്പിച്ചു. നടിയെ ആക്രമിച്ചവർ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഈ ദൃശ്യങ്ങൾ കോടതിക്കു കൈമാറാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
ബൈജു പൗലോസിന്റെ കൈവശം ദൃശ്യങ്ങൾ ഉണ്ടെന്നും ഇതു ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്. ദൃശ്യങ്ങൾ മറ്റുള്ളവരുടെ കൈയിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ആരോപണമുണ്ട്.
ഒരു പക്ഷെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം. അതുകൊണ്ട് ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതി, കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് വിവരം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടർന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്.
കേസിനു പിന്നിൽ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ഹർജി. അനൂപും സൂരജും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
മറുനാടന് മലയാളി ബ്യൂറോ