കോട്ടയം: നടിയെ ആക്രമിച്ച കേസിൽ, എല്ലാവരും അന്വേഷിക്കുന്നത് സംവിധായകൻ പരാമർശിച്ച വിഐപിയെ ആണ്. ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ തിരിച്ചറിഞ്ഞെന്നും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ആണെന്നും റിപ്പോർട്ടുകൾ വന്നു. ഇതു സ്ഥിരീകരിക്കാനായി ശബ്ദ സാംപിൾ പരിശോധന നടത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

അതേസമയം, ബാലചന്ദ്രകുമാർ പരാമർശിച്ച വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശി രംഗത്ത് എത്തി. വ്യവസായിയായ മെഹബൂബ് ആണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.

'ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു.'' ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു.

ദിലീപും കാവ്യയും തന്നെ വിളിക്കുന്നത് ഇക്കാ എന്നാണെന്നും മെഹബൂബ് പറഞ്ഞു. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ല. അയാൾ ആരാണെന്ന് പോലും അറിയില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ഒരു മന്ത്രിയുമായും അടുത്ത ബന്ധമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് ഒന്നും ചർച്ച ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന് പ്രചരിക്കുന്നതായി സുഹൃത്തുക്കളാണ് അറിയിച്ചത്. അതിനാലാണ് മാധ്യമപ്രവർത്തകരെ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത നൽകിയതെന്നും മെഹബൂബ് പറഞ്ഞു.

ദിലീപിന്റെ വീട്ടിൽ എത്തിയ വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാക്ഷി ആളെ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് ശബ്ദ സാമ്പിൾ പരിശോധന നടത്തുക. പൊലീസ് സംശയിച്ചിരുന്നത് നാല് പേരെയായിരുന്നു. ഇവരിൽ ചിലരുടെ ചിത്രങ്ങൾ പൊലീസ് ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നെങ്കിലും അവരല്ലെന്ന് അദ്ദേഹം മൊഴിനൽകുകയായിരുന്നു.

തുടർന്നാണ് കോട്ടയം സ്വദേശിയായ വിഐപിയിലേക്ക് പൊലീസിന്റെ സംശയങ്ങൾ എത്തിനിൽക്കുന്നത്. പ്രവാസി മലയാളിയായ ഇയാൾക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് വിവരം. ദിലീപുമായി അടുത്ത ബന്ധമുള്ള ഇയാളെയാണ് പൊലീസ് ഈ ഘട്ടത്തിൽ സംശയിക്കുന്നത്.

വിഐപിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായേക്കും. ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നതായാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെയാണ് സംവിധാകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞത്. 2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഇയാൾ വരുമ്പോൾ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിൾ വന്നു എന്നും കാവ്യ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിൾ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകയതിന്റെ അടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ തിരിച്ചറിഞ്ഞിക്കുന്നത് എന്നാണ് വിവരം

ഗൾഫിൽ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചതായും ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്.

ബാലചന്ദ്രകുമാർ സിനിമാ ചർച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോർജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ വ്യക്തമാക്കുന്നത്.

കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ 'വിഐപി' ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 'കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു'മെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്.

നടിയെ ആക്രമിക്കപ്പട്ട കേസിൽ പ്രതിയായ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡ് ഉൾപ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽപോലും അക്കാര്യം പറഞ്ഞിട്ടില്ല. അതിൽ ദീലീപിന്റെ സഹോദരന്റെയും അളിയന്റെയും കാവ്യയുടെയും സംഭാഷണമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.