- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; 25ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ റിസോർട്ടും ആലുവയിൽ ഹോട്ടലുമായി വ്യവസായ പ്രമുഖൻ; ഉന്നതരുമായി അടുത്ത ബന്ധം; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി ശരത്ത് ഒരു ചെറിയ മീനല്ല!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസുകാരെ കൊല്ലാനായി നടൻ ദിലീപുമൊത്ത് ഗൂഢാലോചന നടത്തിയെന്ന് ആരോപിതനായ ശരത് ജി നായർ എന്ന വ്യവസായിയുടെ സ്വത്തുവിവരങ്ങളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വി.ഐ.പി എന്ന് വിശേഷിപ്പിക്കപ്പെട്ട ശരതിന്, ഉന്നത് ബന്ധങ്ങൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെ പെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒരു ചെറിയ ഹോട്ടലിൽ നിന്ന് കോടീശ്വരനിലേക്ക്
ഒരു ചെറുകിട ഹോട്ടലിൽ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ 'നാന' ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്.
നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമാറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്.
പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.
ദിലീപിന്റെ 'ദേ പുട്ട്'പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
എല്ലാ സത്യങ്ങളും അറിയാവുന്ന വി.ഐ.പി
ശരത് ജി നായരെ ചോദ്യം ചെയ്താൽ കേസിലെ എല്ലാവിവരങ്ങളും പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വി.ഐ.പി ശരത് ആണെന്നും, ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ആലുവ പുഴയോരത്തെ വീട് ഇയാൾ സന്ദർശിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പായിട്ടുണ്ട്. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബിൽ റിക്കോർഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്.
ബാലചന്ദ്രകുമാർ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി രാജി വെച്ച വാർത്തയാണ് ടെലിവിഷനിൽ ഉണ്ടായിരുന്നത്. അതിന്റെ വാർത്ത ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമർശങ്ങൾ ദിലീപും കൂട്ടാളികളും നടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണ്, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമർശം നടത്തിയതു ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും, വി.ഐ.പിയും, ദിലീപിന്റെ അനിയൻ അനൂപും, അളിയൻ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാർട്ടിക്കും കോടികൾ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ് പറയുന്നു. പിണറായി സർക്കാറിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്.
നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്‌പി ബൈജു പൗലോസിനെ വാഹനം ഇടിച്ച് അപായപ്പെടുത്തിയാൽ ഒന്നരക്കോടി രൂപ ചെലവാക്കേണ്ടി വരില്ലേയെന്ന ശബ്ദരേഖയിലെ പരാമർശം നടത്തിയതു ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജാണെന്ന മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ദിലീപിനു വേണ്ടി സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തുന്നതു സഹോദരൻ അനൂപും അളിയൻ സുരാജുമാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഇവർ മുന്നിട്ടിറങ്ങിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ശരത്ത് ഒളിവിൽ പോയിരുന്നു. ഇദ്ദേഹത്തിന്റെ മൂൻകൂർ ജ്യാമ അപേക്ഷ ഹൈക്കോടയിയുടെ പരിധിയിലാണ്. ജാമ്യാപേക്ഷകൾ തള്ളിയാൽ ഉടൻ പൊലീസ് അറസ്റ്റിലേക്ക് കടക്കുമെന്നാണ് വിവരം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ