കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പലതും അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ അന്വേഷണം തടയാൻ കോടതിക്കാവില്ലെന്ന്, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, കേസിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തി. ഒരു സാധാരണ പൗരനെപ്പോലെയേ ഈ കേസ് വീക്ഷിക്കാൻ പറ്റൂവെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ നൽകിയ പല തെളിവുകളും കോടതിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നത് തെളിവുകളുടെ ഗൗരവ സ്വഭാവമാണ് കാണിക്കുന്നതെന്ന് ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

'കോടതി ഒരു പരാമർശം നടത്തിയിരുന്നു. പ്രോസിക്യൂഷൻ നൽകിയ പല തെളിവുകളും കോടതിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന്. അതിൽ നിന്ന് തന്നെ ഒരു സാധാരണക്കാരന് വായിച്ചെടുക്കാം നിസാരമായ തെളിവുകളായിരിക്കില്ല അത് എന്ന്. കോടതിയെപ്പോലും അസ്വസ്ഥമാക്കുന്നു എന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഇല്ലാതെ കോടതി പറയില്ല. അത് എനിക്ക് സമാധാനം നൽകുന്ന കാര്യമാണ്,'' ബാലചന്ദ്ര കുമാർ പറഞ്ഞു.

ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞില്ല, അത് അതിന്റെ വിശ്വാസ്യത കാണിക്കുന്നു. അത് സമ്മതിച്ചതിൽ സന്തോഷമുണ്ട്. ശബ്ദ സാംപിൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് നാളെ മുതൽ മൂന്നു ദിവസം പൊലീസിനു മുന്നിൽ ഹാജരാവണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രാവിലെ ഒൻപതു മുതൽ രാത്രി എട്ടു വരെ ദിലീപിനെയും മറ്റു പ്രതികളെയും അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ തീർപ്പാക്കുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. ചോദ്യം ചെയ്യലിനായി ഏത് ഉപാധിയും അംഗീകരിക്കാൻ സന്നദ്ധമാണെന്ന് ദിലീപ് അറിയിച്ചു.