കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് അമിതമായ ആതമവിശ്വാസത്തിലിരുന്ന ഘട്ടത്തിലാണ് നടൻ ദിലീപിനെ ചോദ്യം ചെയ്യലിനായി ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ നിന്നുമാണ് പിന്നീട് ദിലീപിനെ അറസ്റ്റു ചെയ്യുന്നതു തുടർച്ചയായി മൂന്ന് മാസത്തോളം താരം ജയിലിൽ കഴിയേണ്ടിയും വന്നത്. സമാനമായ അനുഭവം ഇക്കുറിയും ദിലീപിന് ഉണ്ടാകുമോ?

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോൾ എങ്ങും ആകാംക്ഷ നിറയുകയാണ്. ദിലീപ് വീണ്ടും അറസ്റ്റിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. വ്യാഴാഴ്‌ച്ച വരെ ദിലീപിന് സമയമുണ്ട്. അതിന് ശേഷം കോടതിയുടെ തീരുമാന പ്രകാരമാകും താരത്തെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പൊലീസ് ഉദ്യോഗസ്ഥർ വാദികളായ കേസായതിനാൽ തന്നെ പൊലീസിന് വീറും വാശിയും അൽപ്പം കൂടുതൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും ദീലിപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യുക. ഒരുക്കങ്ങൾ ഇന്നലെ രാത്രി തന്നെ പൂർത്തിയായി. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യൽ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. കൊടും കുറ്റവാളികളെ കൊണ്ടു പോലും സത്യം പറയിച്ചു പരിശീലനമുള്ളവരാണ് ഇവർ. പ്രതികൾ നൽകുന്ന മൊഴികളിലെ വസ്തുതകൾ അപ്പപ്പോൾ പരിശോധിക്കാനുള്ള സംവിധാനവുമൊരുക്കും.

രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം എന്നാണ് ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികളോടും നിര്ഡദേശിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികൾ. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കും. ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. സാക്ഷിയായാണ് ശരത്തിനെ വിളിച്ചു വരുത്തുക. എന്നാൽ ശരത് ജി നായർക്ക് നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എഡിജിപി എസ്. ശ്രീജിത്, എംപി മോഹനചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം.

എന്നാൽ, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണട്. ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിർദേശിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കാൻ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നതാണ്. നിലവിൽ ലഭിച്ച തെളിവുകൾ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യഹർജി നൽകിയ ആലുവ സ്വദേശി ശരതിനെ കേസിൽ പ്രതിയാക്കിയിട്ടില്ലാത്തതിനാൽ ജാമ്യഹർജി 27-നു പരിഗണിക്കാൻ മാറ്റി.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്. പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്താരം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സാക്ഷിപ്പട്ടികയിൽ പുതുതായി നാലുപേരെ ചേർത്തിരുന്നു. ഇതിൽ രണ്ടുപേരുടെ വിസ്താരമാണ് ശനിയാഴ്ച നടന്നത്. ഒന്നാംപ്രതി പൾസർ സുനി, മൂന്നാംപ്രതി മണികണ്ഠൻ, അഞ്ചാംപ്രതി വടിവാൾ സലിം എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ അവധിയപേക്ഷ നൽകി.

പുതുതായി സാക്ഷിപ്പട്ടികയിൽ ചേർത്തതിൽ രണ്ടുപേർക്ക് സമൻസ് കൈമാറാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സാക്ഷിവിസ്താരം ചൊവ്വാഴ്ച തുടരും. കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാറാണു കോടതിയിൽ ഹാജരാകുന്നത്.