- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ആരോപണം തള്ളി നെയ്യാറ്റിൻകര ബിഷപ്പ്; ജാമ്യത്തിനായി ഇടപെട്ടില്ല; നടനുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും ബന്ധമില്ല; മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണമെന്നും ബിഷപ്പ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപത ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര രൂപത വാർത്താ കുറിപ്പ് ഇങ്ങനെ:
'സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാനടൻ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.
ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വാർത്തകൾ വിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണം.''
നടിയെ ആക്രമിച്ച കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ തനിക്ക് 80 ദിവസത്തെ ജാമ്യം ലഭിച്ചത് നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാണെന്ന് ബാലചന്ദ്രകുമാർ തന്നെ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിന് പണം നൽകണമെന്ന ആവശ്യം താൻ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോ അന്വേഷണ സംഘം വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ് മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബാലചന്ദ്രകുമാർ തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ കൈപറ്റി. തന്റെ കടബാദ്ധ്യതകൾ പരിഹരിക്കാൻ സഹായിക്കണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി.സന്ധ്യയാണെന്നും ദിലീപിന്റെ മറുപടി സത്യവാങ് മൂലത്തിൽ പറയുന്നു.
ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജരാവാനാണ് നിർദ്ദേശം. ഇതനുസരിച്ച് ബുധനാഴ്ചയായിരിക്കും ബാലചന്ദ്രകുമാറിൽ നിന്നും മൊഴിയെടുക്കുക. ഗൂഢാലോചന കേസിൽ ചൊവ്വാഴ്ച വരെയാണ് ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിന് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ