- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ വാക്കിൽ മകൻ പെട്ടുപോയി; നടന്ന സംഭവങ്ങൾ സുനിൽ കുമാർ പുറംലോകത്തോട് പറയും; ചെയ്ത് പോയതിൽ അവന് കുറ്റബോധം എന്നും പൾസർ സുനിയുടെ അമ്മ ശോഭന; തുറന്നുപറച്ചിൽ രഹസ്യമൊഴി നൽകുന്നതിന് മുന്നോടിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകുന്നു. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് അമ്മ ശോഭന രഹസ്യ മൊഴി നൽകുന്നത്.
ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്നാണ് സുനിൽ കുമാർ പറയുന്നതെന്ന് അമ്മ ശോഭന നേരത്തെ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് മകൻ പറഞ്ഞു.സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ സംവിധായകൻ അരുൺ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുൺ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്. നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെയും ദിലീപിന്റെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി. മോഹനചന്ദ്രൻ പറഞ്ഞു. വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ