- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു; ടാബിനുള്ളിൽ എന്താണ് ഉള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോ എന്ന് എനിക്ക് അറിയില്ല'; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ടാബ് സൂക്ഷിക്കാൻ ദിലീപ് ഏൽപ്പിച്ചത് കാവ്യയെ എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി; നടിയെ ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാൻ സാധ്യത. ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദിലീപുമായി അടുപ്പമുള്ള കൂടുതൽ പേരെയും ചോദ്യം ചെയ്യും.
നേരത്തെ ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ കാവ്യയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
'ദിലീപിന്റെ വീട്ടിൽ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ ദൃശ്യങ്ങൾ കണ്ടു. ഇതിനിടയിൽ ചിലർ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസിലായത്.
അതിന് ശേഷം ടാബ് കാവ്യയുടെ കൈയിൽ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോൾ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവർ ദൃശ്യങ്ങൾ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയിൽ പിടിച്ചാണ് അവർ ദൃശ്യങ്ങൾ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.''
കേസിൽ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ''മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''-ബാലചന്ദ്രകുമാർ ചാനൽ പരിപാടിയിൽ പറഞ്ഞു.
വരും ദിവസങ്ങളിൽ ഓരോരുത്തരിൽ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയിൽ ആരുടെയെങ്കിലും സമ്പത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.
ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവർ ഇവരുടെ ഫോണുകൾ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈൽ നമ്പറുകളുടെ ഐഎംഇഐ നമ്പർ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് മൊബൈൽ ഫോണുകൾ ബുധനാഴ്ച ഒരു മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കിയിട്ടില്ല.
ഹാജരാക്കാൻ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സൂചന. ഫോണുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ ഈ ആവശ്യവും ഉന്നയിക്കും.
മറുനാടന് മലയാളി ബ്യൂറോ