- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു; സ്‌റ്റോർ റൂമിലേക്ക് മാറ്റി; വിട്ടുകിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം; കൈമാറിയതിൽ തിരിച്ചറിഞ്ഞത് അഞ്ചുഫോണുകൾ; കേസ് ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു. ഇവ കോടതിയുടെ സ്‌റ്റോർ റൂമിലേക്ക് മാറ്റി. മൊബൈൽ ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇവിടെനിന്ന് ഫോണുകൾ പരിശോധനയ്ക്കായി വാങ്ങാം. കേസ് ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
ഫോണുകൾ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി വർഗീസ് എതിർത്തു. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു. ഫോണുകൾ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിർദ്ദേശം കോടതി രേഖപ്പെടുത്തി. തുടർന്ന് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഫോണുകൾ മജ്‌സട്രേറ്റ് കോടതിക്കു കൈമാറാൻ ഉത്തരവിട്ടു. ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കും.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോൺ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്. ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുള്ള പ്രതികൾ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിങ് കൈയിലുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യമെങ്കിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷൻ കൂട്ടിചേർത്തു.
ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് ഇന്നും കോടതിയിൽ നടന്നത്. നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കോളുകൾ ചെയ്യാൻ ഉപയോഗിച്ച ഫോൺ ആണ് ദിലീപ് കൈയിൽ ഇല്ലായെന്ന് പറയുന്നത്. 1,3, 7 ഫോണുകൾ ആണ് ദിലീപ് കോടതിയിൽ അറിയിച്ചത്. ഏഴ് വർഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിഡിആർ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തിൽ സൂരജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്.
കേസിൽ ക്രമനമ്പർ പ്രകാരം മൂന്നാമതുള്ള ഫോണും നിർണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പർ ഒന്നായി രേഖപ്പെടുത്തിയ 9995676722 നമ്പറിൽ ഉപയോഗിച്ച് ഫോൺ 23.1.2021 മുതൽ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്. 221 ദിവസം ഫോൺ ഉപയോഗിച്ചതിന്റെ സിഡിആർ പൊലീസിന്റെ കൈയിലുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത കാലത്ത് ഉപയോഗിച്ച ഫോൺ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുക?. ക്രമനമ്പർ ഒന്നായി രേഖപ്പെടുത്തിയ ഫോണിൽ 2075 കോളുകൾ ഉണ്ട്. ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23-1-21 മുതൽ 20-12-21 വരെയുള്ള കോളുകൾ ആണ് സിഡിആർ പ്രകാരം ക്രമനമ്പർ മൂന്നാം ഫോണിൽ ഉള്ളത്. മൂന്നാം ക്രമനമ്പർ 12000 കോളുകൾ എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.


