കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.

അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്നും സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നും ഇത് അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ആദ്യ അന്വേഷണത്തിന്റെ പാളിച്ച മറയ്ക്കാനാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ദിലീപ് വാദിച്ചു.

എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചു. ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദീലിപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും മാർച്ച് ഒന്നിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.