കൊച്ചി: കേസിന്റെ പേരിൽ അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുകയാണെന്ന് നടൻ ദിലീപ് കോടതിയിൽ ആരോപിച്ചു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണ്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങി. തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

അതേസമയം വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു.

വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ആരാഞ്ഞു. എന്നാൽ, കോടതിയുടെ ചോദ്യങ്ങളെ പ്രോസിക്യൂഷൻ ഖണ്ഡിക്കാൻ ശ്രമിച്ചു. ദിലീപിന്റേത് വെറുംവാക്കല്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വധഗൂഢാലോചനയ്ക്ക് തെളിവുണ്ട്. ബാലചന്ദ്ര കുമാർ ഓഡിയോ തെളിവുകൾ കൈമാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, കേസിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. കുടുംബത്തെ ഒന്നാകെ പ്രതിചേർക്കുന്നുവെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. കോടതിയിൽ നടന്നത് പ്രാഥമിക വാദം മാത്രമാണെന്നും നിന്നും തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ്‌പി മോഹന ചന്ദ്രൻ പറഞ്ഞു. ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത് തന്നെയാണെന്നും ഇയാൾ കേസിൽ ആറാം പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരത്തിനെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയായിരുന്നു ശരത്ത് ചോദ്യം ചെയ്യലിന് എത്തിയത്. ഇത് രണ്ടാം ദിവസമാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്.