കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിചാരണ കോടതി. കോടതി രേഖകൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ മൊബൈലിൽ നിന്നും ലഭിച്ച തെളിവുകൾ ഹാജരാക്കണം എന്നും വിചാരണ കോടതി ഉത്തരവിട്ടു

അന്വേഷണ സംഘത്തലവൻ ബൈജു പൗലോസാണ് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും പീഡനദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണമുണ്ടാകും. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി തേടി കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യൽ കോടതിയിലും അന്വേഷണ സംഘം അപേക്ഷ നൽകിയത്. ശിരസ്തദാർ, തൊണ്ടി ക്ലാർക്ക് ഉൾപ്പെടെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

2018 ഡിസംബർ 13 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നതായാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ. വിചാരണ കോടതിയിലെ പ്രധാന രേഖകൾ ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയതും ഫോറൻസിക് പരിശോധനയിൽ തന്നെ. കൈപ്പടയിലെഴുതിയ രേഖകളും പകർപ്പ് എടുക്കാൻ അനുവാദമില്ലാത്ത രേഖകളുമാണ് ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയത്. ഈ രേഖകൾ ദിലീപ് ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസിലെ പ്രധാന രേഖകൾ പ്രതിക്ക് ചോർത്തി നൽകിയത് ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന് ശ്രമം.

അതേസമയം, നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. കാറിന്റെ രണ്ടു ടയറും പഞ്ചറാണ്. ബാറ്ററിയുമില്ല. കസ്റ്റഡിലെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് മടങ്ങി. നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും ഗുഢാലോചന നടത്തിയത് ഈ കാറിലിരുന്നാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

അടുത്ത ദിവസങ്ങളിൽ തന്നെ ഇരുവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരാണ് ദീലിപിന്റെ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് എസ്‌പി സോജൻ, ഡി.വൈ.എസ്‌പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ.