കൊച്ചി: മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയിൽ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. നീതിപൂർവമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണം. കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചു.

എന്നാൽ കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നിൽ മറ്റുദ്ദേശങ്ങളുണ്ടാകാമെന്ന് കേസിലെ പ്രതിയായ ദിലീപ് പറഞ്ഞു. പ്രോസിക്യൂഷൻ ആവശ്യത്തിൽ പുതുതായി ഒന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. 

നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമാകുമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്ന പരാമർശവും കോടതി നടത്തി. മൂന്നു ദിവസത്തിനുള്ളിൽ കാർഡിന്റെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കാം എന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്. പരിശോധന വൈകുന്നതു കേസ് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക കോടതി പങ്കുവച്ചു. അത് ഒരു തരത്തിലും ബാധിക്കില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. തുടരന്വേഷണവും വിചാരണയും വൈകിപ്പിക്കാനാണു പ്രോസിക്യൂഷൻ ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ നിലപാട്.

കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിന്റെ ഉത്തരവാദിത്വം അതേ കോടതിക്കു തന്നെയാണ് എന്നു കഴിഞ്ഞ തവണ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളടങ്ങിയ ക്ലിപ്പുകളുടെ ഹാഷ് വാല്യൂവിൽ മാറ്റമില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷൻ സ്വീകരിച്ചിരിക്കുന്ന നിലപാട്. കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.