- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയെ പ്രതിയാക്കിയില്ല; മതിയായ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്; മഞ്ജുവാര്യരും ബാലചന്ദ്രകുമാറും രഞ്ജു രഞ്ജിമാറും അടക്കം 102 സാക്ഷികൾ; ദിലീപിന് എതിരെ തെളിവ് നശിപ്പിച്ചെന്ന വകുപ്പ് കൂടി; നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് എതിരെ തെളിവില്ല. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ, കാവ്യയെ പ്രതി ചേർക്കാതെ സാക്ഷിയാക്കി ക്രൈംബ്രാഞ്ച് കേസിൽ അധിക കുറ്റപത്രം സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പടെ 102 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.
നടി കാവ്യ മാധവൻ, മഞ്ജു വാര്യർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. തെളിവു നശിപ്പിച്ചെന്ന ആരോപണത്തിൽ അഭിഭാഷകർക്കെതിരെ ആരോപണം ഉയർത്തിയിരുന്നെങ്കിലും കേസിൽ അവരെയും പ്രതികളൊ സാക്ഷികളൊ ആയി ചേർത്തിട്ടില്ല.
ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടൻ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്തു.
നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു.
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയും അധിക കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പ്രതികൾക്കൊപ്പം ശരത്തിനെ പ്രതി ചേർത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.
കേസ് 27നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. പത്തു ദിവസം കഴിഞ്ഞ് കേസ് പരിഗണിക്കുമെന്നായിരുന്നു കോടതി ആദ്യം അറിയിച്ചത്. എന്നാൽ, ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷമെ കേസ് പരിഗണിക്കുള്ളുവെന്ന് കോടതി പിന്നീട് വ്യക്തമാക്കി