കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് നല്കിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം ഇന്ന് വീണ്ടും തുടങ്ങി. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ ഇന്നുള്ളത്. ദിലീപിന്റെ ഫോൺ പരിശോധിക്കണമെന്ന കർശന നിലപാടിലുമാണ് പ്രോസിക്യൂഷൻ. സ്വകാര്യ സംഭാഷണങ്ങളുടെ പേരിൽ ദിലിപീന്റെ ഫോൺ പരിശോധിക്കാതിരിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2017ൽ എം ജി റോഡിൽ വെച്ച് ദിലീപ് ഗൂഢാലോചന നടത്തിയെന്ന പുതിയ വാദവും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ദിലീപ് തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം. ഇതിന് എതിരായാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങൾ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാൽ ഫോൺ കൈമാറാൻ സാധിക്കില്ലെന്ന് കോടതിയെ അറിയിക്കുകയാണ് ദിലീപ്.

ജനുവരി മാസം ആദ്യമാണ് ദിലീപ് തന്റെ ഫോണുകൾ ഹൈദരാബാദിലെ ലാബിലേക്ക് ഫോറൻസിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണിൽ ഒട്ടനവധി കാര്യങ്ങളുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന് കോടതിയിലടക്കം ഇന്നലെ വാദിച്ചിരുന്നു. ഈ ആവശ്യം തന്നെയാണ് നേരത്തെയും കോടതിയിൽ ദിലീപ് ഇന്നും ആവർത്തിച്ചിരിക്കുന്നത്.

ഫോൺ എവിടെയാണ് പരിശോധനക്ക് അയച്ചിട്ടുള്ളതെന്ന് ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ഇ മെയിൽ വിലാസങ്ങളും വിവരങ്ങളും നൽകാമെന്നാണ് കോടതിയിൽ പറഞ്ഞത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവൻ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചത്. കൂടാതെ അന്വേഷണസംഘത്തിൽ തനിക്ക് വിശ്വാസമില്ല. അന്വേഷണസംഘം തെളിവുകൾ കൃത്രിമമായി കെട്ടിച്ചമയ്ക്കുമോ എന്ന സംശയം തനിക്കുണ്ട് എന്നാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്.