- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ഫോണുകളും തിങ്കളാഴ്ച്ച 10.15ന് മുദ്രവെച്ച കവറിൽ ദിലീപ് കോടതിയിൽ ഹാജരാക്കണം; മൂന്ന് ഫോണുകളെ കൈവശമുള്ളൂ എന്നു പറഞ്ഞു ഉരുണ്ടു കളിച്ചിട്ടും തിരിച്ചടിയായി ഹൈക്കോടതി വിധി; മുംബൈയിലുള്ള ഫോൺ ഹാജരാക്കാൻ സാവകാശം ചോദിച്ചതും അംഗീകരിച്ചില്ല; തിങ്കളാഴ്ച്ച ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യാപേക്ഷയിലും തിരിച്ചടി ഭയന്ന് നടൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിൽ ആറു ഫോണുകൾ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫോൺ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.
തിങ്കളാഴ്ച രാവിലെ 10.15ന് ഫോൺ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽനിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകി. ബുധനാഴ്‌ച്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഫോൺ മുംബൈയിൽ ആണെന്നും ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഏഴു ഫോണുകൾ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയിൽ പറഞ്ഞു. തുടർന്നാണ് ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു.ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസിൽ സിറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയാണ് ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.
ഒറ്റയടിക്കു ഫോൺ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവ്
ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ പ്രതികൾ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ബാലചന്ദ്രകുമാർ കൈമാറിയ ക്ലിപ്പിലെ ശബ്ദം തങ്ങളുടേതാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സ്വകാര്യ വിവരങ്ങൾ ഉണ്ട് എന്നതുകൊണ്ടു മാത്രം കുറ്റകൃത്യത്തിന് ഉപയോഗിച്ച് ഫോണിന് അന്വേഷണത്തിൽനിന്നു സംരക്ഷണം നൽകാനാവില്ലെന്് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി പറഞ്ഞു. ഫോൺ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫോൺ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജൻസികൾ ഏതൊക്കെയന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഫോൺ പരിശോധിക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട വ്യക്തമായ നിർദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഫോൺ സ്വന്തം ഏജൻസിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ല- ഫോൺ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.
സ്വകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെന്ന വാദം മനസ്സിലാക്കുന്നു. എന്നാൽ ഇതെങ്ങനെ വേർതിരിക്കും? ഇക്കാര്യത്തിൽ നിയമം വ്യക്തമാണമെന്ന് കോടതി പറഞ്ഞു. ഫോൺ കൈമാറുക തന്നെ വേണമെന്ന് കോടതി നിർദേശിച്ചപ്പോൾ കേരളത്തിലെ ഫോറൻസിക് ലാബുകളിൽ പരിശോധിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള ആവശ്യപ്പെട്ടു. കേരളത്തിലെ ഫോറൻസിക് ലാബുകൾ കേരള പൊലീസിന്റെ ഭാഗമാണെന്ന് രാമൻ പിള്ള വാദിച്ചു. തന്റെ കക്ഷിക്കു പോവാൻ വേറെ ഇടമില്ല. ഈ കോടതി മാത്രമാണ് ആശ്രയം. ദിലീപ് കോടതിയുടെ കരുണ തേടുകയാണ്.
ഫോൺ കൈമാറാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമല്ല. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാൻ ശേഷിച്ച ഘട്ടത്തിൽ പെട്ടെന്നു ബാലചന്ദ്ര കുമാർ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇരുന്നൂറു പോരെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ തെളിവൊന്നും കിട്ടിയില്ല. ദിലീപിനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെന്നാണ് ഈ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്റെ ലക്ഷ്യമെന്ന് അഭിഭാഷകൻ പറഞ്ഞു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.


