- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യം; അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്; ഹർജിയിൽ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോൺ കൈമാറിയില്ല; കൈമാറാത്ത ഫോണിൽനിന്നു വിളിച്ചത് 12,000 കോളുകളെന്നും പ്രോസിക്യൂഷൻ; ഹൈക്കോടതിയിൽ ഇന്നും തർക്കവിഷയമായി ദിലീപിന്റെ ഫോണുകൾ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദീലിപീനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി ആവർത്തിച്ചു.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹർജിയിൽ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോൺ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെൽവുകൾ ലഭിച്ചിട്ടുണ്ട്. അതിൽനിന്ന 12,000ൽ ഏറെ കോളുകൾ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷൻ പറഞ്ഞു.
ഒരു ഫോൺ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഫോണുകളുടെ കാര്യത്തിൽ പ്രോസിക്യൂഷൻ നിലപാട് കടുപ്പിച്ചതോടെ കോടതിയുടെ കസ്റ്റഡിയിലുള്ള ഫോണുകൾ ഉദ്യോഗസ്ഥർ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് കോടതി. അതിന് ശേഷം വീണ്ടും കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ മറ്റു കേസുകളിലേക്ക് കടനടന്നിട്ടുണ്ട് കോടതി.
അതേസമയം വിചാരണാ കോടതിയിലെ കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയേറ്റു. കേസിലെ തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ തീർക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷൻ തള്ളി. മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.
കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെയുൾപ്പെടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോസിക്യൂഷൻ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്, കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. കേസിൽ വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ലെന്നും വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാൽ തീരുമാനിക്കാമെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.


