- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ കൈമാറില്ലെന്ന നിലപാട് കോടതിയിലും ആവർത്തിച്ചു ദിലീപ്; തന്റെ സ്വകാര്യതക്ക് തടസമാകുന്ന കാര്യങ്ങൾ ഫോണിൽ ഉണ്ട്; മുൻ ഭാര്യയുമായുള്ള സംഭാഷണവും ഫോണിലുണ്ടെന്ന് വാദം; എന്തുകൊണ്ട് കൈമാറിയില്ലെന്ന് ചോദിച്ചു ഹൈക്കോടതിയും; കോടതിയെ വിശ്വാസമില്ലേയെന്നും ചോദ്യം; ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോൺ കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും ജസ്റ്റിസ് പി.ജെ ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ഫോൺ കൈമാറാത്തതിന്റെ കാരണങ്ങൾ ദിലീപിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകൾ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. ഇത് കൂടാതെ തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഫോണിൽ ഉണ്ടെന്നും ദിലീപ് പറഞ്ഞു. മുൻഭാര്യയുമായി സംസാരിക്കുന്നത് അടക്കം ഫോണിലുണ്ടെന്നും ദിലീപ് വാദിച്ചു.
അതേസമയം കോടതിയെ വിശ്വാസമില്ലേ എന്നാണ് കോടതി ദിലീപിനോടായി ചോദിച്ചത്. കേസ് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റണമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിക്കുന്നത്. ദിലീപിന് വേണ്ടി ഇന്ന് അഡ്വ. രാമൻപിള്ള കോടതിയിൽ ഹാജരായിട്ടില്ല. അതേസമയം ബാലചന്ദ്രകുമാർ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നും ദിലീപ് വാദിച്ചു. ഈ ഫോണുകൾ ലഭിച്ചാൽ പ്രോസിക്യൂഷൻ തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നു ദിലീപ് വാദിച്ചു.
വധ ഗൂഢാലോചനക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് ഉപ ഹർജിയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോൺ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണ് എന്നീ കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ഉപഹർജിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ദിലീപിനോട് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. ആയതിനാൽ കോടതി തന്നെ ഈ ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാണ് ഇന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.


