- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ നമ്പറിലെ ആ ഐ ഫോണിനെ കുറിച്ച് അറിയില്ലെന്ന് ദിലീപ്; കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഉടൻ കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; എതിർപ്പുമായി നടനും; നീതി കിട്ടാൻ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിന്റെ അഭിഭാഷകൻ; കേസ് വീണ്ടും നാളേക്ക് മാറ്റിവെച്ചു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വിധിയില്ല. കേസ് പരിഗണിച്ച ഹൈക്കോടതി നാളെ ഉച്ചക്ക് ശേഷം നാളെവീണ്ടും പരിഗണിക്കാമെന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം ക്രൈംബ്രാഞ്ചിന് ഫോൺ ഉടൻ കൈമാറണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആറ് ഫോണുകൾ ദിലീപ് കോടതിക്ക് സമർപ്പിച്ചിരുന്നു. നടൻ ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകൾ, സുരാജിന്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. അതേസമയം, പൊലീസ് പറയുന്ന ഒന്നാം നമ്പർ ഫോൺ തന്റെ കൈവശമില്ലെന്നാണ് ദിലീപ് പറയുന്നത്. പട്ടികയിലെ 2,3,4 ഫോണുകളാണ് താരം കൈമാറിയത്. ആദ്യ ക്രമനമ്പറിൽ പറയുന്ന ഐഫോൺ പണ്ടുപയോഗിച്ചതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആകാമെന്നാണ് ദിലീപിന്റെ വിശദീകരണം.
അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതി ഉത്തരവ് മറയാക്കി തെളിവുകൾ നശിപ്പിച്ചുവെന്നും പ്രതികളുടേത് കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും പ്രോസിക്യൂഷൻ വാദം ഉയർത്തി. മറ്റാർക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് കിട്ടുന്നത്. മുൻകൂർ ജാമ്യം പോയിട്ട് സ്വാഭാവിക ജാമ്യത്തിന് പോലും അർഹതയില്ല. അന്വേഷണം ഒരുപാട് മുന്നോട്ട് പോയി. ജാമ്യം നൽകുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും ഫോൺ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കുന്നത് പ്രതിയല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.


