- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് നായ്ക്കൾക്ക് വെട്ടേൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെ എന്ന പ്രചാരണം; ഇണ ചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടികൂടുന്ന മുറിവുകളെന്ന് അന്വേഷണ റിപ്പോർട്ട്; ദിലീപിനെ പൂട്ടാൻ ഒരുങ്ങുന്ന എസ്‌പി മോഹനചന്ദ്രൻ കേരള പൊലീസിലെ ഷെർലക് ഹോംസ്
മലപ്പുറം: ദിലീപിനെ പൂട്ടാനൊരുങ്ങുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്‌പി: എംപി. മോഹനചന്ദ്രൻ ചില്ലറക്കാരനല്ല. നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന മോഹനചന്ദ്രൻ പല കേസുകളിലും കേരളാപൊലീസിന്റെ അഭിമാനം കാത്ത ഉദ്യോഗസ്ഥനാണ്.
കേരളാ പൊലീസിലെ ഷെർലക് ഹോംസ് എന്ന വിളിപ്പേരുള്ള മലപ്പുറം നിലമ്പൂർ സ്വദേശിയായ മോഹനചന്ദ്രൻ മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി ആയിരിക്കെ അടുത്തിടെയാണ് പ്രമോഷനോട് കൂടി കൊച്ചിയിലേക്കു മാറ്റം ലഭിച്ചത്. വലിയ വിവാദങ്ങളും സംഘർഷങ്ങളും ഉടലെടുക്കാൻ സാധ്യതയുള്ള കേസുകളിൽ മോഹനചന്ദ്രന്റെ അന്വേഷണ മികവിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ മികവിന് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും, 70ഓളം ഗുഡ് സർവീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഉൾപ്പെടെ ലഭിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തെ വലിയ ബാങ്ക് കവർച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ്. ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ സമൂഹമാധ്യമ ഹർത്താൽ ആസൂത്രണം ചെയ്തവരെ ദിവസങ്ങൾക്കകം പിടികൂടുക വരെ ചെയ്ത കേസുകൾ മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
നേരത്തെ മലപ്പുറം ജില്ലയിൽ നായ്ക്കൾക്ക് തുടർച്ചയായി വെട്ടേൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെ ആണെന്ന പ്രചാരണം ശക്തമായ കാലത്ത് പുറത്തുവന്ന അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിലായിരുന്നു സത്യം പുറത്ത് വന്നത്. ഇണ ചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടികൂടി ഉണ്ടാകുന്ന മുറിവുകളാണ് ഇവയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അദ്ദേഹം തെളിയിച്ചു.
മതംമാറ്റത്തിന്റെ പേരിൽ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസൽ വധക്കേസ്, ബിബിൻ കൊലക്കേസ്, കാസർകോട് റിയാസ് മൗലവി കൊലക്കേസ്, അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസ്, തുടങ്ങി നിരവധി കേസുകൾ തെളിയിച്ചതും ഇദ്ദേഹത്തിന്റെ മിടുക്കു കൊണ്ടു തന്നെയാണ്. ഝാർഖണ്ഡിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ പ്രധാനിയും അദ്ദേഹമായിരുന്നു.
വലിയ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കും സാധ്യതയുള്ള കേസുകൾ പുഷ്പം പോലെ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ചതിനെ തുടർന്നാണ് കേരളാ പൊലീസിലെ ഷെർലക് ഹോംസ് എന്ന വിളിപ്പേരും മോഹനചന്ദ്രന് ലഭിച്ചത്. നേരത്തെ സി.ആർ.പി.എഫിൽ എസ്‌ഐആയിരുന്ന മോഹനചന്ദ്രന് ബ്ലാക് കാറ്റ് കമാൻഡോ പരിശീലനവും ലഭിച്ചിട്ടുണ്ട്.
സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പരിശീലനം ലഭിച്ച് വി.വി.ഐ.പി സുരക്ഷാസംഘത്തിലും, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്‌പി.ജി സുരക്ഷാസംഘത്തിലും ഉണ്ടായിരുന്ന മോഹനചന്ദ്രൻ പിന്നീട് കേന്ദ്രസർവീസിൽ നിന്നും രാജിവെച്ച് കേരള പൊലീസിൽ എസ്‌ഐയായി ചേർന്നത്. പിന്നീട് ഘട്ടംഘട്ടമായുള്ള പ്രമോഷനോടുകൂടിയാണ് എസ്‌പിയായി മാറിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്