- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിഐപിയായ ആറാമൻ എറണാകുളം റൂറലിലെ അൺനോൺ എന്ന് എഫ് ഐ ആർ; അന്വേഷണ സംഘം നൽകുന്നതും ആ ശബ്ദരേഖ ആരുടേതെന്ന് സ്ഥിരീകരിച്ചെന്ന സൂചന; വിരലുകൾ നീളുന്നത് ആലുവയിലെ പ്രമുഖന് നേരെ; സത്യം ദിലീപിനെ കൊണ്ടു പറയിപ്പിക്കാൻ ക്രൈംബ്രാഞ്ച്; പത്മസരോവരത്തിലെ 'ഇക്ക' കുടുങ്ങുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആറാമനെ പൊലീസിന് അറിയാം എന്നതിന്റെ സൂചനകൾ ആ എഫ് ഐ ആറിൽ. ആക്രമണദൃശ്യങ്ങൾ ദിലീപിനു കൈമാറിയ വി.ഐ.പി.തന്നെയാണ് അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതിയെന്നു സൂചന. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് ഗൂഢാലോചനയെന്ന് എപ് ഐ ആർ പറയുന്നു.
കണ്ടാലറിയാവുന്നയാൾ എന്നാണ് ആറാം പ്രതിയെ എഫ്.ഐ.ആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇയാൾതന്നെയാണ് വി.ഐ.പി. എന്ന നിഗമനത്തിലാണ് പ്രത്യേകസംഘത്തിന്റെ അന്വേഷണം. ആറാം പ്രതിയുടെ സ്ഥാനത്ത് അൺനോൺ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ അഡ്രസിന്റെ ഭാഗത്ത് അൺനോൺ എന്ന് എഴുതുന്നതിനൊപ്പം എറണാകുളം റൂറൽ എന്നും രേഖപ്പെടുത്തുന്നു. സാധാരണ അറിയാത്ത പ്രതികളുടെ പേരിനൊപ്പം വിലാസമായി അൺനോൺ എന്നാണ് കുറിക്കാറുള്ളത്. ഇവിടെ എറണാകുളം റൂറൽ എന്ന് വ്യക്തമായി പറയുന്നു. അതുകൊണ്ട് തന്നെ ഈ വിഐപിയും എറണാകുളം റൂറലിലെ പ്രമുഖനാണെന്ന് വ്യക്തം.
ശബ്ദരേഖ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ നിന്ന് ചോദ്യം ചെയ്യലിലൂടെ ഈ വ്യക്തിയിലേക്ക് എത്താനാണ് പൊലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് ആറാം പ്രതി അൺനോൺ ആകുന്നത്. സിനിമാക്കാർ ആരുമല്ല പ്രതി. രാഷ്ട്രീയ പ്രമുഖനാണെന്ന് പൊലീസ് പറയുന്നു. ആലുവയിലെ പ്രധാനിയാകാം എന്നും പറഞ്ഞു വയ്ക്കുന്നു. ഈ സൂചന ശരിവയ്ക്കുന്നതാണ് എറണാകുളം റൂറലിലെ അൺനോൺ എന്ന എഫ് ഐ ആർ പരമാർശവും. വിഐപിയിൽ രാഷ്ട്രീയ ചർച്ചകൾക്കും സാധ്യത ഏറെയാണ്. ആലുവയും എറണാകുളം റൂറലിന് കീഴിലാണ് വരുന്നതെന്നതാണ് വസ്തുത.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വി.ഐ.പി. വഴി ദിലീപിനു ലഭിച്ചു എന്നതുൾപ്പെടെയുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനങ്ങൾ. കേസിൽ പുനരന്വേഷണത്തിനായി നിയോഗിച്ച 13 അംഗ സംഘം മൂന്നായിത്തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 'കോപ്പന്മാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ' എന്നാണ് ശബ്ദസന്ദേശത്തിലെ ആറാമൻ പറയുന്നത്. പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്തുന്ന കാര്യമാണ് ഇയാൾ പറയുന്നത്.
രണ്ടാം കേസിൽ അഞ്ചുപ്രതികളെ അന്വേഷണസംഘത്തിന് ചോദ്യംചെയ്യാൻ സാധിക്കും, ഇതോടൊപ്പം, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെയും ചോദ്യംചെയ്യാനാകും. ഇതോടെ വി.ഐ.പി. വെളിച്ചത്താകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും പൾസർ സുനിയെയും ദിലീപിനെയും ചോദ്യംചെയ്യുക. ജാമ്യമില്ലാ കേസായതിനാൽ ദിലീപിനെ എപ്പോൾ വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാം.
ഈ സാഹചര്യത്തിൽ കേസിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യമാകും പ്രധാനമായും ഉന്നയിക്കുക. കേസ് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കി.
ഒന്നാം പ്രതിയായ നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഗൂഢാലോചന നടന്ന സാഹചര്യത്തിലാണിത്. നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി സുനിൽ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലുള്ള തീരുമാനവും പ്രത്യേക സംഘം ഇന്ന് തീരുമാനിക്കും
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡുമായി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള 'ലക്ഷ്യ'യിലെത്തിയ വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാൻ ഉടൻ കോടതി അനുമതി തേടും. ഈ മാസം 20-ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദ്ദേശം.നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.
ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 20-ന് നൽകാനാണ് വിചാരണക്കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി വെച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥന്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ