കൊച്ചി: ദുബായിലെ കരാമയിലെ ദേ പുട്ടിന്റെ ഉദ്ഘാടനം ദിലീപിന്റേയും നാദിർഷായുടേയും അമ്മമാർ ചേർന്ന് നിർവ്വഹിക്കും. ദുബായ് യാത്രയിൽ ദിലീപിനൊപ്പം അമ്മയും യാത്ര ചെയ്യുന്നുണ്ട്. രാവിലെ 9 .40ന്റെ എമിറൈറ്റ്സ് ഫ്ലൈറ്റിൽ ദിലീപും അമ്മയും നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം കയറി. നാളെയാണ് ദേ പുട്ടിന്റെ ഉദ്ഘാടനം. നാദിർഷായുടെ ഉമ്മ നേരത്തെ തന്നെ കാരമയിലെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ദേ പുട്ട് കട ഉദ്ഘാടനം ചെയ്തത് നാദിർഷായുടെ ഉമ്മയായിരുന്നു. ഈ സാഹചര്യത്തിലാണ് കരാമയിലും അമ്മമാരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത്. കോഴിക്കോട്ടെ കട വമ്പൻ വിജയമായത് അമ്മയുടെ അനുഗ്രഹം കൊണ്ടെന്നാണ് ദിലീപിന്റേയും നാദിർഷായുടേയും വിലയിരുത്തൽ.

ദിലീപിനൊപ്പം കാവ്യാ മാധവൻ യാത്ര ചെയ്യുന്നില്ല. അമ്മയ്ക്കും ദിലീപിനുമാണ് രാവിലത്തെ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇതോടെ കാവ്യ ഗർഭിണിയാണെന്ന സംശയം മംഗളം ഉയർത്തിയത് കൂടുതൽ ചർച്ചയാവുകയാണ്. മകൾ മീനാക്ഷിയും ദിലീപിനൊപ്പം യാത്ര ചെയ്യുന്നില്ല. ഇതോടെ കാവ്യ ഗർഭിണിയാണെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. ദിലീപും കാവ്യയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇത്തവണ ആഘോഷമൊന്നും നടത്തിയതുമില്ല. അതുകൊണ്ട് തന്നെ കരാമാ യാത്രയിൽ വിവാഹാഘോഷം നടക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് യാത്രയിൽ കാവ്യ ഇല്ലെന്ന സൂചന പുറത്തുവന്നത്. കാവ്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്പോർട്ട് കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽകിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നായിരുന്നു സൂചനകൾ. ഇതിനിടെയാണ് മംഗളം ചില സൂചനകൾ പുറത്തുവിട്ടത്. ഇത് മറുനാടന് സ്ഥിരീകരിക്കാനും ആയി. ഇതോടെ കാവ്യ യാത്രയിൽ ഇല്ലെന്ന് വ്യക്തമാവുകയും ചെയ്തു. രാവിലെ വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമാണ് ദിലീപ് എത്തിയത്.

ദുബായിൽ ദിലീപിന്റെ കൂടെ സംവിധായകൻ നാദിർഷായുടെ കുടുംബവും ചേരും. നാദിർഷയുടെ ഉമ്മയും ദിലീപിന്റെ അമ്മയും ചേർന്ന് 29നാണ് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിർവഹിക്കുക. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ദിലീപിന്റെ ദുബായ് യാത്ര. ദുബായിയുടെ ഹൃദയഭാഗമായ കരാമയിൽ ആണ് പുതിയ കട തുറക്കുന്നത്. ദിലീപിന് ദുബായിൽ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാർട്ണർമാരുമുണ്ട്. നാദിർഷയും ദുബായിലെ ബിസിനസുകാരുമടക്കം അഞ്ചു പേർ ചേർന്നാണ് ദേ പുട്ട് കരാമയിൽ ആരംഭിക്കുന്നത്. നാദിർഷ നേരത്തെ തന്നെ ദുബായിൽ എത്തിയിട്ടുണ്ട്. നാദിർഷയും ദുബായിലെ പാർട്ണർമാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

ദിലീപിന്റെ ജയിൽവാസം നീണ്ടുപോയതോടെ വൻ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കൾക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികൾ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്ററന്റുകളുള്ള ദുബായിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

യാത്ര കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായിൽ താരം താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികൾ തുടങ്ങിയവ ഇതിനോടകം തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ ദിലീപിന്റെ ദുബായ് യാത്രയിൽ അന്വേഷണ സംഘത്തിനെ കുഴയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ഫോണും സിം കാർഡും, മെമ്മറി കാർഡും ദുബായിലേക്ക് കടത്തിയെന്ന് സംശയമുണ്ട്.

കൂടാതെ നടിയെ ആക്രമിക്കുന്നതിന് പിന്നിലെ ഗൂഢാലോചന നടന്നത് ദുബായിലാണെന്നും പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇത്തരം തെളിവുകൾ നശിപ്പിക്കുന്നതിനാണോ ദിലീപ് കടൽ കടക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് യാത്ര ഉപയോഗിക്കുമെന്ന് സംഘത്തിന് സംശയമുണ്ട്.