കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചത് ആഘോഷക്കമായി ദിലീപ് ഫാൻസുകാർ. ജയിൽവാസത്തിനു ശേഷം നടൻ ദിലീപിനു ജാമ്യം ലഭിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ജാമ്യം ലഭിച്ചെന്ന വിവരം അറിഞ്ഞതിനു പിന്നാലെ കൊച്ചിയിൽ ആരാധകർ ലഡു വിതരണം നടത്തി. ദിലീപ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന് ജാമ്യം ലഭിച്ചത് വൻ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തിൽ റോഡ് ഷോ നടത്താനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ജാമ്യവാർത്ത വന്നതിനു പിന്നാലെ ജയിൽ സൂപ്രണ്ട് ദിലീപിനെ ഈ വിവരം അറിയിച്ചു. ജാമ്യം ലഭിച്ച വിവരം അറിഞ്ഞയുടൻ തന്നെ അങ്കമാലി സബ് ജയിലിന് മുന്നിൽ നിരവധി പേർ തടിച്ചു കൂടിയിരുന്നു. ജാമ്യം ലഭിച്ചതിന്റെ സന്തോഷം ആരാധകരുടേയും മുഖത്ത് പ്രകടമായിരുന്നു. ആർത്തുവിളച്ചും കൈയടിച്ചുമാണ് ആരാധകർ ജാമ്യം ലഭിച്ച വാർത്തയെ സ്വീകരിച്ചത്. ജഡ്ജിക്ക് നന്ദി പറയാനും ആരാധകർ മറന്നില്ല. ജഡ്ജിക്കും ജയ് വിളികൾ മുഴങ്ങി.

ഏവരേയും അദ്ഭുതപ്പെടുത്തി കൊണ്ടാണ് ഉച്ചയ്ക്ക് 1.45ഓടെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തതിനാൽ തന്നെ ദിലിപീന് ജാമ്യം ലഭിക്കില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്. നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യം പകർത്താൻ നടൻ ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് ഏറ്റവും ഒടുവിൽ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചത്. പൊലീസ് പിടിയിലായാൽ പൾസറിന് മൂന്നു കോടി രൂപ നൽകാമെന്ന് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ദിലീപിന് നടിയോട് മുൻ വൈരാഗ്യമുണ്ടെന്നും അശ്‌ളീല ദൃശ്യങ്ങൾ പകർത്തിയതിലൂടെ തന്റെ ഉദ്ദേശ്യം നടന്നാൽ 65 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി പൾസർ സുനി വെളിപ്പെടുത്തിയെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ രണ്ടു പകർപ്പുകൾ ലഭിച്ചു. ഒന്നിൽ ചിത്രങ്ങളും മറ്റൊന്നിൽ വീഡിയോ ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഇതെല്ലാം കൊണ്ടുതന്നെ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

എന്നാൽ, കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്ന ദിലീപിന്റെ നിലപാട് ജസ്റ്റിസ് സുനിൽ തോമസ് അംഗീകരിക്കുകയായിരുന്നു. ഗൂഢാലോചന കുറ്റം മാത്രമാണ് ദിലീപിനു മേലുള്ളതെന്നും ആ കുറ്റത്തിന് ഇനി ജയിലിൽ കിടക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.