- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നു; വാർത്തകൾ തടയണം; പ്രോസിക്യൂഷനെതിരെയും രൂക്ഷവിമർശനവുമായി ദിലീപിന്റെ പുതിയ ഹർജി ഹൈക്കോടതിയിൽ; നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ പുതു നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾക്ക് തടയിടാൻ ദിലീപ്. കേസ് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചു. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം പ്രൊസിക്യൂഷനെതിരെയും രൂക്ഷവിമർശനം ഹർജ്ജിയിൽ ഉണ്ട്.
മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിൽ 8 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ദീലീപിന്റെ നീക്കം.എട്ട് സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ഹർജി. ഇതിൽ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി.
കേസിലെ പ്രധാനപ്പെട്ട ഫോൺ രേഖകൾ കോടതി വിളിച്ചു വരുത്തണമെന്ന് ഹർജിയും ഹൈക്കോടതി അംഗീകരിച്ചു.മുൻ പ്രോസിക്യൂട്ടർ രാജി വെച്ച സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളിൽ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയർന്നിരുന്നു. എന്നാലിപ്പോൾ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പ്രോസിക്യൂഷൻ പാളിച്ചകൾ മറികടക്കാൻ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷൻ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്.
16 പേരുടെ പട്ടികയിൽ ഏഴു പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനർവിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നൽകിയത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹർജിയിലെ പ്രധാന ആരോപണം.
ഇതിനിടെ, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാർ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ കാര്യം വാർത്തയാതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ