കൊച്ചി: ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന് പേരിട്ടതോടെ ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും ചർച്ച സജീവം. നേരത്തെ ചിത്രത്തിന് നീതിയെന്നാണ് പേരെന്നും നടിയെ ആക്രമിച്ച കഥയാണ് പറയുന്നതെന്നും റിപ്പോർട്ടുകളെത്തിയിരുന്നു. ഇതെല്ലാം അണിയറ പ്രവർത്തകർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പേര് പുറത്തുവരുന്നത്.

വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും പ്രിയാ ആനന്ദുമാണ് നായികമാരാകുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപും ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്.

നടിയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്ന ദിലീപിന് രാമലീല എന്ന സൂപ്പർ ഹിറ്റ് വലിയ ആശ്വാസമായിരുന്നു. എന്നാൽ കമ്മാരസംഭവം വീണു. ഇതിന് ശേഷം ഡിങ്കനിൽ അഭിനയിച്ചുവെങ്കിലും ചിത്രം പൂർത്തിയായില്ല. കേസിൽ തീരുമാനം എടുക്കാത്തതും വെട്ടിലായി. അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണന്റെ സിനിമ ഏറെ നിർണ്ണായകമാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ചിത്രത്തിലുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മൈ ബോസ്, ടൂ കൺട്രീസ് തുടങ്ങിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മംമ്ത. എസ്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ പ്രിയാ ആനന്ദ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ബോളിവുഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ വയാകോം 18 ആണ് ബി. ചിത്രം നിർമ്മിക്കുന്നത്.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രമായ പ്രൊഫ. ഡിങ്കനിലും ദിലീപ് അഭിനയിക്കുന്നുണ്ട്. തായ്‌ലൻഡിലും ഡിങ്കന്റെ ചിത്രീകരണമുണ്ട്. ന്യൂ ടി.വിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിർവഹിക്കുന്നത് റാഫിയാണ്. നമിതാ പ്രമോദാണ് ഡിങ്കനിലെ നായിക. സ്രിൻഡ മറ്റൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നു.